തിരുവനന്തപുരം
ഖാദിയുടെ ലേബലിൽ വൻതോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിലക്കുറവിലാണ് വ്യാജ ഖാദി വിൽക്കുന്നത്. പവർലൂമിലും മറ്റുമാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത്. ഖാദിയുടെ യഥാർഥ മൂല്യം സംരക്ഷിക്കാതെയാണ് ഇവ നിർമിക്കുന്നത്. കഴിഞ്ഞ വർഷം 160 കോടി രൂപയുടെ ഖാദി വിൽപ്പനയാണ് സംസ്ഥാനത്ത് നടന്നത്. ഇതിൽ അംഗീകൃത ഖാദി സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിച്ചത് 68 കോടിയുടേത് മാത്രമാണ്.
ഏഴു പതിറ്റാണ്ടായി മുംബൈയിൽ ഖാദി തുണിത്തരങ്ങൾ വിറ്റഴിക്കുന്നതിൽ പേരുകേട്ട സ്ഥാപനമായ ഖാദി എംപോറിയത്തിന് വ്യാജ ഖാദി ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിന് ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ അടുത്തിടെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതേ സ്ഥിതി കേരളത്തിലുമുണ്ട്.
തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് സ്കീമിലെ കുടിശ്ശിക നൽകാൻ പത്തു കോടി രൂപ സർക്കാർ അനുവദിച്ചു. ഇത് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നൽകും. തൊഴിലാളികൾക്കുള്ള ഉൽപ്പാദന ഇൻസെന്റീവ് അടുത്ത ആഴ്ച നൽകുമെന്നും അദ്ദേഹം പറഞ്ഞു.















