ഗുവഹാത്തി
രഞ്ജി ട്രോഫി ക്രിക്കറ്റിലെ അരങ്ങേറ്റം ഉജ്വലമാക്കി യാഷ് ദൂൽ. തമിഴ്നാടിനെതിരെ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടി. ഒന്നാം ഇന്നിങ്സിൽ 113 റൺ നേടിയ ഡൽഹി ഓപ്പണർ രണ്ടാം ഇന്നിങ്സിൽ ഇതേ സ്കോറിന് പുറത്താകാതെ നിന്നു.
അരങ്ങേറ്റത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാണ് പത്തൊമ്പതുകാരൻ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയതിനുപിന്നാലെയാണ് ദൂൽ ഡൽഹിയുടെ രഞ്ജി ടീമിൽ ഇടംപിടിച്ചത്. എന്നാൽ, ദൂലിന്റെ മികവിലും ഡൽഹിക്ക് ആശ്വസിക്കാനായില്ല.
സമനിലയായ കളിയിൽ ഒന്നാം ഇന്നിങ്സിൽ നേടിയ ലീഡിന്റെ ബലത്തിൽ തമിഴ്നാട് മൂന്ന് പോയിന്റ് സ്വന്തമാക്കി. 148 പന്തിൽ 194 റണ്ണടിച്ച ഷാരൂഖ് ഖാനാണ് തമിഴ്നാടിനായി മിന്നിയത്.















