ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടത്തിലേക്ക് കുതിച്ചിരുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. ഹാരി കെയ്നിന്റെ ഇരട്ടഗോൾ മികവിൽ ടോട്ടനം ഹോട്സ്പർ സിറ്റിയെ 3–-2ന് മറികടന്നു. പരിക്കുസമയത്തെ അവസാന മിനിറ്റിലാണ് കെയ്ൻ വിജയഗോൾ കുറിച്ചത്. തോൽവിയോടെ ഒന്നാമതുള്ള സിറ്റിയുടെ ലീഡ് ആറ് പോയിന്റായി കുറഞ്ഞു. 26 കളിയിൽ 63 പോയിന്റാണ്. ഒരു കളി കുറച്ചു കളിച്ച ലിവർപൂളാണ് രണ്ടാമത്–-57 പോയിന്റ്. ലിവർപൂൾ നോർവിച്ച് സിറ്റിയെ തകർത്തു (3–-1).
ലീഗിൽ അവസാന 15 കളിയിൽ തോൽവിയറിയാതെ മുന്നേറുകയായിരുന്നു പെപ് ഗ്വാർഡിയോളയുടെ സിറ്റി. എന്നാൽ, ടോട്ടനത്തിനോട് അടിപതറി. ദെയാൻ കുലുസേവ്സകിയിലൂടെ നാലാം മിനിറ്റിൽ ടോട്ടനം മുന്നിലെത്തി. ഇടവേളയ്ക്കുമുമ്പ് ഇകായ് ഗുൺഡോവൻ സിറ്റിക്ക് സമനില ഒരുക്കി. കെയ്നിലൂടെ വീണ്ടും ടോട്ടനം ലീഡ് സ്വന്തമാക്കി. നിശ്ചിതസമയം കഴിഞ്ഞ് പരിക്കുസമയത്ത് പെനൽറ്റിയിലൂടെ റിയാദ് മഹ്റെസ് സിറ്റിക്ക് ആശ്വാസം നൽകി. കളി സമനിലയിൽ കലാശിക്കുമെന്ന് പ്രതീക്ഷിക്കവേയാണ് കെയ്ൻ അവതരിച്ചത്.
സാദിയോ മാനെ, മുഹമ്മദ് സലാ, ലൂയിസ് ഡയസ് എന്നിവരാണ് നോർവിച്ചിനെതിരെ ലിവർപൂളിനായി ലക്ഷ്യം കണ്ടത്. ലിവർപൂൾ കുപ്പായത്തിൽ സലായുടെ 150–-ാംഗോളായിരുന്നു.
മാഞ്ചസ്റ്റർ യുണെെറ്റഡ് ലീഡ്സ് യുണെെറ്റഡിനെ 4–2ന് കീഴടക്കിയപ്പോൾ ഹക്കീം സിയേച്ചിന്റെ ഏക ഗോളിൽ ചെൽസി ക്രിസ്റ്റൽ പാലസിനെ വീഴ്ത്തി. അഴ്സണൽ 2–-1ന് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചു. ആസ്റ്റൺ വില്ല വാറ്റ്ഫോർഡിനോട് കീഴടങ്ങി (1–-0).















