തിരുവനന്തപുരം
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽ ഇനി സൗരോർജം പ്രഭ ചൊരിയും. വൈദ്യുതി ബോർഡിന്റെ സൗര പദ്ധതിയിൽ ഉൾപ്പെടുത്തി 30 കിലോവാട്ട് ശൃംഖലാബന്ധിത സൗരോർജനിലയം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ പുനരുപയോഗ ഊർജപദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ഗതിവേഗം പകരാൻ മുതൽക്കൂട്ടാകുന്നതാണ് പ്ലാന്റെന്ന് കോടിയേരി പറഞ്ഞു. വ്യവസായ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ അക്രെഡിറ്റഡ് സ്ഥാപനമായ ഇൻകെൽ ലിമിറ്റഡാണ് നിലയം നിർമിച്ചത്. എ കെ ജി സെന്ററിലേക്ക് ആവശ്യമായ വൈദ്യുതി പൂർണമായും ഇതിൽനിന്ന് ഉൽപ്പാദിപ്പിക്കും. ബാക്കി വരുന്നത് കെഎസ്ഇബിക്ക് കൈമാറുമെന്നും കോടിയേരി പറഞ്ഞു.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, എം വി ജയരാജൻ എന്നിവർ പങ്കെടുത്തു.















