തിരുവനന്തപുരം
വിവരവിനിമയ രംഗത്തെ പുതിയ സാങ്കേതികവിദ്യകൾ സാധാരണക്കാർക്കായി പ്രയോജനപ്പെടുത്തുകയെന്ന ദൗത്യമാണ് ദേശാഭിമാനി ഏറ്റെടുക്കുന്നതെന്ന് ചീഫ് എഡിറ്റർ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ദേശാഭിമാനി ആസ്ഥാനമായ തിരുവനന്തപുരം ഓഫീസിൽ സജ്ജമാക്കിയ വെബ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്ഭുതകരമായ മാറ്റമാണ് ലോകത്ത് സംഭവിക്കുന്നത്. ഇത് പരമാവധി ഉപയോഗപ്പെടുത്താൻ കോർപറേറ്റുകൾ ശ്രമിക്കുന്നുണ്ട്. ഈ രംഗത്ത് തൊഴിലാളിവർഗം ശക്തമായി ഇടപെടേണ്ടതുണ്ട്. കേരള ജനതയെ സാക്ഷരരാക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ഇടപെടൽ അവിസ്മരണീയമാണ്. പാർടി രൂപീകൃതമായപ്പോൾ എഴുത്തും വായനയും അറിയാതിരുന്ന ജനവിഭാഗത്തെയാണ് സംഘടിപ്പിക്കേണ്ടിയിരുന്നത്. അന്ന് പാർടി ഏറ്റെടുത്ത ദൗത്യം പരമാവധി ആളുകളെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു. അതിനായി നിശാപാഠശാലകളും വായനശാലകളും സ്ഥാപിച്ചു.
അച്ചടിമാധ്യമങ്ങൾക്കു മാത്രമായി ഇന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യാനാകില്ല. ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ആശയവിനിമയത്തിൽ പ്രധാന പങ്കുവഹിക്കുന്നു. അച്ചടി മാധ്യമങ്ങളുടെ സ്ഥിതി ഭാവിയിൽ എന്താകുമെന്നത് ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. ഭാവിയിലെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ സംവിധാനങ്ങൾ ദേശാഭിമാനിക്ക് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ, ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായി, യൂണിറ്റ് മാനേജർ ഐ സെയ്ഫ്, ദേശാഭിമാനി ലോക്കൽ സെക്രട്ടറി പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.















