കാസർകോട്
നേതാക്കൾക്കെതിരെ പോർവിളിമുഴക്കി ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് പ്രവർത്തകർ താഴിട്ടു. കാസർകോട്, കുമ്പള, മഞ്ചേശ്വരം മേഖലയിലെ പ്രവർത്തകരാണ് ഞായർ രാവിലെ താളിപ്പടുപ്പിലെ ഓഫീസ് ഉപരോധിച്ച് പൂട്ടിയത്.
കഴിഞ്ഞദിവസം ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച പി രമേശനെ അനുകൂലിക്കുന്നവരാണ് ഓഫീസ് ഉപരോധിച്ചത്. കൊലക്കേസ് പ്രതികളായ ബിജെപിക്കാർ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റതും മറ്റൊരു കൊലക്കേസ് പ്രതി ആത്മഹത്യചെയ്തതും പാർടിയിൽ പൊട്ടിത്തറിയുണ്ടാക്കിയിരുന്നു. തുടർന്ന് ബിജെപി, യുവമോർച്ച നേതാക്കളായ 14 പേർ രാജിവച്ചു. ഇതിന്റെ തുടർച്ചയായാണ് ഉപരോധം. ഇതോടെ ഞായറാഴ്ച ജില്ലയിൽ നടത്താനിരുന്ന സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ‘സമർപ്പണം’ പരിപാടി റദ്ദാക്കി. കെ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് എന്നിവർക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ ഓഫീസിന് താഴിട്ടത്. കഴിഞ്ഞദിവസം ഓഫീസിന്റെ ഗ്ലാസുകളും പ്രതിഷേധക്കാർ തകർത്തിരുന്നു. ഒരുവർഷം മുമ്പ് നടന്ന കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പാർടിക്കുനിരക്കാത്ത നിലപാടാണ് നേതാക്കൾ സ്വീകരിച്ചതെന്നും ഉപരോധക്കാർ പറഞ്ഞു.
പഞ്ചായത്തിലെ രണ്ട് ബിജെപി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യത്തിന് ക്രമിനലുകളെ വളർത്തിയവരാണ് പ്രതിഷേധത്തിന് പിറകിലെന്നും ഇവർ പരസ്പരം ഏറ്റുമുട്ടുമ്പോൾ ഉത്തരവാദിത്വം പാർടിക്ക് ഏറ്റെടുക്കാനാകില്ലെന്ന് ഒരുമുതിർന്ന നേതാവ് പറഞ്ഞു.















