പാരിസ്
നെയ്മർ പെനൽറ്റി പാഴാക്കിയ കളിയിൽ പിഎസ്ജിക്ക് തോൽവി. ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ നാന്റെസാണ് 3–-1ന് പിഎസ്ജിയെ ഞെട്ടിച്ചത്. ഈ സീസണിൽ പിഎസ്ജിയുടെ രണ്ടാംതോൽവിയാണിത്. ഒക്ടോബറിൽ റെന്നെസിനോടാണ് ഇതിനുമുമ്പ് വീണത്.
ആദ്യപകുതിയിലേ നാന്റെസ് മൂന്ന് ഗോളിന് മുന്നിലെത്തി. കൊളോ മുവാനി, ക്വിന്റിൻ മെർലിൻ, ലുഡോവിച്ച് ബ്ലാസ് എന്നിവർ ലക്ഷ്യം കണ്ടു. ഇടവേള കഴിഞ്ഞെത്തിയയുടനെ മെസി ഒരുക്കിയ അവസരത്തിൽ നെയ്മർ ഗോൾ നേടി. 59–-ാംമിനിറ്റിൽ പെനൽറ്റി പാഴാക്കി. ബ്രസീൽ മുന്നേറ്റക്കാരന്റെ ദുർബലമായ കിക്ക് നാന്റെസ് ഗോൾകീപ്പർ അൽബാൻ ലഫൊന്റ് കൈയിലൊതുക്കി. തോറ്റെങ്കിലും ലീഗിൽ 13 പോയിന്റ് വ്യത്യാസത്തിൽ ഒന്നാമത് തുടർന്നു പിഎസ്ജി.















