മുംബൈ
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് ഇനി പരിഗണിക്കില്ലെന്ന് സെലക്ഷൻ കമ്മിറ്റി അറിയിച്ചതായി വൃദ്ധിമാൻ സാഹ. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽനിന്ന് തഴഞ്ഞതിനുപിന്നാലെയാണ് മുപ്പത്തേഴുകാരന്റെ വെളിപ്പെടുത്തൽ.
‘ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം കോച്ച് രാഹുൽ ദ്രാവിഡ് സംസാരിച്ചിരുന്നു. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പുതിയ കളിക്കാർക്ക് അവസരം നൽകണം എന്നാണ് മാനേജ്മെന്റിന്റെ തീരുമാനം എന്നറിയിച്ചു. ടീമിലുണ്ടായാലും ആദ്യ പതിനൊന്നിൽ കളിക്കാനാകില്ല. ലങ്കയ്ക്കെതിരായ ടീമിൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു’–-സാഹ പറഞ്ഞു. ദ്രാവിഡ് വിരമിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ സംസാരിച്ചെന്നും ബംഗാളുകാരൻ പറഞ്ഞു. സെലക്ഷൻ കമ്മിറ്റി തലവൻ ചേതൻ ശർമയും ഇതുതന്നെ അറിയിച്ചു. ഫോമും ക്ഷമതയും അല്ല പ്രശ്നമെന്നും, ഇനിമുതൽ ടീമിലേക്ക് പരിഗണിക്കില്ല എന്ന് തുറന്നടിക്കുകയും ചെയ്തതായി സാഹ പറഞ്ഞു.
ബിസിസിഐ പ്രസിഡന്റായി തുടരുന്ന കാലത്തിടത്തോളം ടീമിൽ സ്ഥാനമുണ്ടാകുമെന്ന് നാട്ടുകാരൻ കൂടിയായ സൗരവ് ഗാംഗുലി ഉറപ്പ് നൽകിയിരുന്നതായും സാഹ ആരോപിച്ചു.















