കൊച്ചി> കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബിനെതിരെ കേസെടുത്തു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ സംസ്ക്കാര ചടങ്ങില് കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കാട്ടിയാണ് കേസ്. സാബു ജേക്കബ് ഉള്പ്പെടെ 29 പേര്ക്കെതിരെ കേസെടുത്തു. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ദീപുവിന്റെ മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സാബു എം ജേക്കബിന്റെ നിലപാട് ദുരുപദിഷ്ടമാണെന്ന് സിപിഐഎം വ്യക്തമാക്കി . നിയമസഭ തെരഞ്ഞെടുപ്പില് ട്വന്റി-20 പാര്ട്ടിക്ക് സംഭവിച്ച പരാജയത്തെ തുടര്ന്ന് തുടര്ച്ചയായി അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് സാബു എം ജേക്കബ് ചെയ്യുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ബി ദേവദര്ശനന് വാര്ത്താസമ്മേളനത്തില് പറഞ്ഞു.ഇവരുടെ സ്വന്തം കോര്പ്പറേറ്റ് പാര്ട്ടിയുടെ ഗ്രാമപഞ്ചായത്തംഗത്തെ ഉപയോഗിച്ച് നടത്തിയ നാടകമാണ് ഇതിനെ കൊലപാതകമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലുള്ളത്. ഇതിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.