പാലക്കാട്
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ബിജെപി അനുകൂല സന്നദ്ധ സംഘടനയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നൽകിയത് ന്യായീകരിക്കാനാകാതെ ബിജെപി നേതൃത്വം. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായവും കോർപറേറ്റുകളുടെ സംഭാവനയും വാങ്ങി പ്രവർത്തിക്കുന്ന ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്ആർഡിഎസ്) യിലാണ് മാസം 43,000 രൂപ ശമ്പളത്തിൽ സ്വപ്നയെ ഡയറക്ടറായി നിയമിച്ചത്. യോഗ്യതയില്ലാത്ത സ്വപ്നയെ സംസ്ഥാന സർക്കാരിനു കീഴിലുള്ള സ്പേസ് പാർക്കിൽ നിയമിച്ചതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം വ്യാപകപ്രചാരണം നടത്തിയിരുന്നു.
യുഎഇ കോൺസുലേറ്റിലെ പദവി വഹിക്കുന്ന സ്വപ്നയെ വഴിവിട്ടാണ് പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്ന ഏജൻസി സ്പേസ് പാർക്കിൽ നിയമിച്ചതെന്നായിരുന്നു ബിജെപി നേതാക്കൾ മാസങ്ങളോളം പ്രചാരണം നടത്തിയത്. സംസ്ഥാന സർക്കാരിന് ബന്ധമില്ലാത്ത സ്ഥാപനത്തിലാണ് സ്വപ്നയെ നിയമിച്ചതെന്ന് ബോധപൂർവം മറച്ചുവച്ചു. അവരാണ് ഇപ്പോൾ സ്വപ്നയെ കഴിവുള്ള ജീവനക്കാരിയായി പ്രഖ്യാപിക്കുന്നത്. യുഎഇ, കേരളം എന്നിവിടങ്ങളിലെ നിരവധി സ്ഥാപനങ്ങളിൽ താക്കോൽ സ്ഥാനത്തിരുന്ന അവർക്ക് സ്ഥാപനത്തിൽ മികച്ച സംഭാവന നൽകാൻ കഴിയുമെന്നാണ്’ എച്ച്ആർഡിഎസിന്റെ വെബ്സൈറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടെ സ്വപ്നയെക്കുറിച്ച് ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിക്കേണ്ടിവരുമെന്നാണ് ഒരു ബിജെപി നേതാവ് പ്രതികരിച്ചത്. ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാർ ഇടപെട്ടാണ് സ്വപ്നയെ എച്ച്ആർഡിഎസിൽ നിയമിച്ചതെന്ന ശബ്ദസന്ദേശം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതും ബിജെപി മുഖപത്രം ജന്മഭൂമി സ്വപ്നയുടെ നിയമന വാർത്ത അപ്രധാനമായി നൽകിയതും ബിജെപിയാണ് നിയമനത്തിന് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നു.
സംസ്ഥാന, ജില്ലാ നേതൃത്വങ്ങളെ നോക്കുകുത്തിയാക്കി നടത്തിയ നിയമനത്തിൽ അണികൾക്കിടയിലും വലിയ അമർഷമുണ്ട്. കേന്ദ്ര നേതൃത്വമാണ് നിയമനത്തിന് പിന്നിലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ആർഎസ്എസ് നേതാവായ സ്ഥാപനത്തിന്റ വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാൽ ഒരു കേന്ദ്ര നേതാവിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സ്വപന്യെ നിയമിച്ചതെന്നാണ് സൂചന. എസ് കൃഷ്ണകുമാറിനെ നീക്കി ഗുരു ആത്മനമ്പിയെ എച്ച്ആർഡിഎസിന്റെ പ്രസിഡന്റാക്കിയിരുന്നു.