തിരുവനന്തപുരം
കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടന പാടില്ലെന്ന നിലപാട് കടുപ്പിച്ച് എ, ഐ ഗ്രൂപ്പുകൾ. പെരുമാറ്റച്ചട്ടം നിലവിൽ വരുന്ന ഏപ്രിൽവരെ പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡിന്റെ പച്ചക്കൊടി. മുഖ്യ വരണാധികാരി ജി പരമേശ്വരയെ സന്ദർശിച്ചാണ് സംഘടനാ തെരഞ്ഞെടുപ്പ് മതിയെന്ന് എ, ഐ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും പുനഃസംഘടന ഈ മാസം പൂർത്തിയാക്കുമെന്ന് പരമേശ്വരയെ അറിയിച്ചു.
കർശനനിലപാട് എ ഗ്രൂപ്പ് നേതൃത്വം പരമേശ്വരയ്ക്ക് മുന്നിൽ വച്ചശേഷമാണ് പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ ഹൈക്കമാൻഡ് നിർദേശം. പുനഃസംഘടനയോട് സഹകരിക്കുമെന്ന് ഐ ഗ്രൂപ്പ് പിന്നീട് മലക്കം മറിഞ്ഞു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വെവ്വേറെ പരമേശ്വരയെ കണ്ട് ചർച്ച നടത്തി.
പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതുവരെ പുനഃസംഘടന നടത്താൻ തടസ്സമില്ലെന്ന് പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുനഃസംഘടന വഴി പദവികളിലെത്തുന്നവരും സംഘടനാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും. അംഗത്വ വിതരണം ഈ മാസം 26ന് ആരംഭിക്കും.
മേൽനോട്ട ചുമതലയുള്ള നേതാക്കൾക്കായി 26ന് ക്ലാസ് നൽകും. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ പരമേശ്വര സംസ്ഥാന നേതാക്കളുമായി രണ്ടു ദിവസത്തെ ചർച്ചകൾക്കുശേഷം മടങ്ങി.