തിരുവനന്തപുരം
“20 ലക്ഷം തൊഴിലവസരം, സ്വകാര്യ വ്യവസായ പാർക്ക്, പാർപ്പിടം അവകാശം’ –-കേരളത്തിന്റെ കുതിപ്പിന് വഴിയൊരുക്കുന്ന ഈ പദ്ധതികളിലേക്ക് കണ്ണുതുറക്കാതെ നയപ്രഖ്യാപനത്തിലും കുത്തിത്തിരിപ്പുമായി മലയാള മനോരമ. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പ്രഖ്യാപിച്ച ‘പലതും ആവർത്തനം, നടപ്പാകാത്ത പദ്ധതി’ എന്ന വ്യാഖ്യാനമായിരുന്നു മനോരമയ്ക്ക്. സർക്കാർ ഇതിനകം പ്രഖ്യാപിക്കുകയും തുടക്കമിടുകയും ചെയ്ത പദ്ധതി വീണ്ടും പ്രഖ്യാപിച്ചുവെന്നാണ് കണ്ടെത്തൽ.
ഐടി പാർക്കുകളിൽ 950 കമ്പനി വഴി 1.1 ലക്ഷം തൊഴിൽ, പുതിയ വിള ഇൻഷുറൻസ്, തനിച്ചുകഴിയുന്ന സ്ത്രീകൾക്ക് സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, ലൈഫ് പദ്ധതിയിൽ ഒരു ലക്ഷം വീട് തുടങ്ങിയ അമ്പതോളം പുതിയ പദ്ധതി നയപ്രഖ്യാപനത്തിലുണ്ടെന്ന് മനോരമ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ദുരന്തം നേരിടാൻ പ്രത്യേക കർമസേനയെന്നത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണെന്നും ഇത് ആവർത്തിച്ചുവെന്നുമാണ് മറ്റൊരു ആക്ഷേപം. എന്നാൽ, പദ്ധതി പ്രഖ്യാപിച്ച ശേഷം മറക്കുകയല്ല, നടപ്പാക്കാനുള്ള ശ്രമമാണെന്ന് ആവർത്തിച്ചതിൽ വ്യക്തമാണ്. 1548.08 കോടിയുടെ കെ -ഫോൺ പദ്ധതിയുടെ ഒന്നാംഘട്ടം തയ്യാറായെന്ന് നയപ്രഖ്യാപനത്തിലുള്ളത്, 1400 കുടുംബത്തിൽ കെ ഫോൺ എത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചുവെന്നാണ് കണ്ടെത്തൽ.
പല പുതിയ പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ആവർത്തിച്ചതും പദ്ധതികളുടെ അതിപ്രസരവും അലോസരം സൃഷ്ടിച്ചുവെന്നാണ് മനോരമയുടെ ഭാഷ്യം. പുതിയ പദ്ധതികളുടെ പ്രവാഹം അലോസരം സൃഷ്ടിച്ചില്ലെങ്കിലേ അതിശയമുള്ളൂ. പുതിയകാല വെല്ലുവിളി ഏറ്റെടുത്ത് കേരളത്തിന്റെ പുരോഗതിക്ക് ഊർജം പകരുന്നതാണ് നയപ്രഖ്യാപന പ്രസംഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.