കൊച്ചി
മുപ്പത്തിയേഴു വർഷത്തിനുശേഷമെത്തുന്ന സിപിഐ എം സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചി. നവോത്ഥാന പോരാട്ടചരിത്രത്തിൽ ശ്രദ്ധേയമായ കായൽ സമ്മേളനത്തിന്റെ സ്മരണകളിരമ്പുന്ന മറൈൻഡ്രൈവിൽ മാർച്ച് ഒന്നുമുതൽ നാലുവരെയാണ് സമ്മേളനം. ചെങ്കോട്ടയുടെ മാതൃകയിലുള്ള വേദിയുടെ ചുവരുകളിൽ പുന്നപ്ര വയലാറും കയ്യൂരും ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന പോരാട്ടങ്ങൾ ചിത്രീകരിക്കും.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ ബാലാനന്ദന്റെ സ്മരണയിലാണ് പൊതുസമ്മേളന നഗർ. പാർടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ബി രാഘവന്റെ പേരിൽ പ്രതിനിധി സമ്മേളന നഗർ. സെമിനാറും കലാപരിപാടികളും നടക്കുന്നത് രക്തസാക്ഷി അഭിമന്യു നഗറിലും.
പ്രതിനിധി സമ്മേളനത്തിനായി നാനൂറോളംപേർക്ക് സാമൂഹ്യ അകലം പാലിച്ച് പങ്കെടുക്കാവുന്ന 18,000 ചതുരശ്രയടി വിസ്തീർണമുള്ള പന്തലാണ് നിർമിക്കുന്നത്. സെമിനാറിനും കലാപരിപാടികൾക്കുമായി 12,000 ചതുരശ്രയടിയിൽ പ്രത്യേക വേദിയുമുണ്ടാകും. തുറന്ന വേദിയിലാണ് പൊതുസമ്മേളനം. കോവിഡ് മാനദണ്ഡമനുസരിച്ച് 1500 പേർക്ക് ഇരിപ്പിടമൊരുക്കും. പത്തുലക്ഷംപേർക്ക് തത്സമയം വെർച്വലായി കാണാനാകുംവിധം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പൊതുസമ്മേളനം സംപ്രേഷണം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ച് ‘ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം’ സെമിനാർ നടത്തും. സായാഹ്ന പരിപാടികളിൽ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം, ഷേക്സ്പിയറുടെ ജീവചരിത്രം ആസ്പദമാക്കി ‘ഇതിഹാസം’ നാടകം, എ കെ ജിയുടെ ജീവചരിത്രം ആസ്പദമാക്കി സംസ്കൃത സർവകലാശാല വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തശിൽപ്പം എന്നിവയുണ്ടാകും.
ജില്ലയിലെ രക്തസാക്ഷികളും മൺമറഞ്ഞ പ്രവർത്തകരുമുൾപ്പെടെ 12,343 സമരസേനാനികളുടെ പേരിൽ ഉയർത്തിയ സമ്മേളനകവാടങ്ങൾ പുതുതലമുറയിലും സമരസ്മരണകളുണർത്തി. സമ്മേളനത്തിന്റെ പതാകദിനമായ തിങ്കൾ എറണാകുളം ജില്ലയിൽ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ പതാക ഉയർത്തും. സമ്മേളനം ഉജ്വലമാക്കാൻ പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മന്ത്രി പി രാജീവ് ചെയർമാനും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം.
ജില്ലയിൽ പാർടിയുടെ 3030 ബ്രാഞ്ചുകളിലും സ്വാഗതസംഘം പ്രവർത്തിക്കുന്നു. സമ്മേളന നടത്തിപ്പിനുള്ള ഫണ്ട് മൂന്നുദിവസങ്ങളിലായി ഹുണ്ടികപിരിവിലൂടെ ശേഖരിച്ചു. സമ്മേളനവാർത്തകളും മുൻ സംസ്ഥാന സമ്മേളനങ്ങളുടെയും പാർടി കോൺഗ്രസുകളുടെയും ചരിത്രവും ഉൾപ്പെടുത്തി ‘റെഡ്@കൊച്ചി’ വാർത്താപത്രികയും തിങ്കൾമുതൽ പ്രസിദ്ധീകരിക്കും. ഡിജിറ്റൽ വാർത്താപത്രിക പ്രൊഫ. എം കെ സാനു പ്രകാശിപ്പിച്ചു.