കൊച്ചി
ഫാക്ടറി തൊഴിലാളിയുടെ അപകടമരണത്തെ തുടർന്ന് കിറ്റെക്സ് ഗാർമെന്റ്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബിനെതിരായ കേസ് തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന സാബുവിന്റെ ആവശ്യം ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ തള്ളി. ഫാക്ടറി തൊഴിലാളിയായിരുന്ന പി ജെ അജീഷ് അപകടത്തിൽ മരിച്ചതിനെത്തുടർന്ന് സാബുവിനെ പ്രതിചേർത്ത് കേസെടുത്തിരുന്നു. കോലഞ്ചേരി മജിസ്ട്രേട്ട് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജി.
2014 മെയ് 24നാണ് കിഴക്കമ്പലം ഫാക്ടറിയിൽ തൊഴിലാളി മരിച്ചത്.
ഫാക്ടറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന കുറ്റത്തിന് പെരുമ്പാവൂർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ നൽകിയ പരാതിയിലാണ് മജിസ്ട്രേട്ട് കേസെടുത്തത്. മാനേജിങ് ഡയറക്ടറായ തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാൽ തനിക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നും സാബു വാദിച്ചു. എന്നാൽ, ഉടമയ്ക്കെതിരെ കേസെടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് കേസെടുത്തതെന്നും പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ഗോപാലകൃഷ്ണൻ ബോധിപ്പിച്ചു. കേസ് റദ്ദാക്കാനാകില്ലെന്നും പ്രതി വിചാരണ നേരിടണമെന്നും ഫാക്ടറി നടത്തിപ്പിന്റെ ചുമതല സംബന്ധിച്ച കാര്യങ്ങൾ വിചാരണയിലാണ് പരിശോധിക്കേണ്ടതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഫാക്ടറി നിയമങ്ങൾ ലംഘിച്ച് തൊഴിലെടുപ്പിച്ചതാണ് കിറ്റെക്സ് ഗാർമെന്റ്സ് പ്രോസസിങ് ലിമിറ്റഡിൽ തൊഴിലാളിയായിരുന്ന അജീഷ് മരിക്കാൻ കാരണം. രാത്രി ഷിഫ്റ്റിൽ ദേഹത്ത് ടൺകണക്കിന് ഭാരമുള്ള തുണിറോൾ വീണ് ശ്വാസംമുട്ടിയാണ് അജീഷ് മരിച്ചത്. ഇത്രയും ഭാരമുള്ള തുണിറോൾ അടുക്കിവയ്ക്കരുതെന്ന നിയമവും തുണിറോൾ നീക്കംചെയ്യാൻ ക്രെയിൻ ഉപയോഗിക്കണമെന്ന നിയമവും കമ്പനി ലംഘിച്ചതായി കണ്ടെത്തിയിരുന്നു. അപകടസാധ്യതയുള്ള യൂണിറ്റിൽ സൂപ്പർവൈസർ വേണമെന്ന നിയമവും ലംഘിച്ചു.