തിരുവനന്തപുരം
സർക്കാരിനെതിരെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തുന്ന കടന്നാക്രമണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢോദ്ദേശ്യം. ബിജെപിയുടെ സജീവ പ്രവർത്തകനും സംസ്ഥാന കമ്മിറ്റി അംഗവുമായ ആളെ അഡീഷണൽ പിഎ ആയി നിയമിച്ചശേഷമാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ‘പാർടി കേഡർ’ വളർത്തുകയാണെന്ന് ഗവർണർ ആരോപിക്കുന്നത്.
മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്സണൽ സ്റ്റാഫിന് ചുരുങ്ങിയത് രണ്ടു വർഷം കാലാവധിയുണ്ടെങ്കിൽ പെൻഷന് അർഹതയുണ്ടെന്ന് 1994 സെപ്തംബർ ഇരുപത്തിമൂന്നിനാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ പുറപ്പെടുവിച്ച ഉത്തരവിന്റെ പേരിലാണ് ഗവർണർ സർക്കാരിനെ പഴിചാരുന്നത്. രണ്ടു വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റി ജീവിതകാലം മുഴുവൻ പെൻഷൻ നൽകുന്നെന്ന ഗവർണറുടെ ആരോപണവും അടിസ്ഥാനരഹിതം. 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ഒരാളെപ്പോലും ഇത്തരത്തിൽ പെൻഷൻ നൽകാനായി മാറ്റിയിട്ടില്ല.
പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും സ്റ്റാഫിന്റെ എണ്ണം, നിയമനരീതി എന്നിവ സംബന്ധിച്ചും കൃത്യമായ വ്യവസ്ഥകളുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 26 പേരേയുള്ളൂ. പ്രതിപക്ഷ നേതാവിന് 14. ഒരു മന്ത്രിക്ക് ആകെ 25 പേഴ്സണൽ സ്റ്റാഫേ പാടുള്ളൂവെന്ന് നിശ്ചയിച്ചത് എൽഡിഎഫ് സർക്കാരാണ്. നിലവിൽ മന്ത്രിമാർക്കുള്ളത് ഇരുപതിൽത്താഴെ സ്റ്റാഫ് മാത്രം. ആകെയുള്ള 362 പേഴ്സണൽ സ്റ്റാഫുകളിൽ പകുതിയിലേറെപ്പേരും സർവീസിൽ നിന്നുള്ളവരാണ്. സർക്കാർ സർവീസിൽനിന്ന് പേഴ്സണൽ സ്റ്റാഫിൽ ചേരുന്നവർക്ക് സ്വാഭാവികമായും പെൻഷന് അർഹതയുണ്ട്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരിൽ പകുതിയിലേറെപ്പേരും സർവീസിൽനിന്നുള്ളവർ. ഇവർക്കാണ് ഉയർന്ന പെൻഷൻ ലഭിക്കുക. പേഴ്സണൽ സ്റ്റാഫിൽ ഇല്ലെങ്കിലും ഇവരുടെ പെൻഷൻ തടയാനുമാകില്ല. പിഎ, പ്യൂൺ, കുക്ക് തുടങ്ങിയ തസ്തികകളിലാണ് കൂടുതലും നേരിട്ട് നിയമനം. ഈ തസ്തികകളിൽ 3350 രൂപയാണ് മിനിമം പെൻഷൻ. ഇതൊക്കെ മറച്ചുവച്ചാണ് ബിജെപി കേന്ദ്രത്തിൽനിന്ന് തയ്യാറാക്കിയ തിരക്കഥ പ്രകാരം ഗവർണർ ആരോപണം ഉയർത്തുന്നത്.
പെൻഷൻ നൽകുന്നതും മറ്റും സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഗവർണർ എന്നത് ഭരണഘടനാ പദവി മാത്രമാണെന്നിരിക്കെ, സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനാകില്ല. ഇതിനുമുമ്പ് ഒരു ഗവർണറും പെൻഷൻ തടയണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ല.