കളമശേരി
കുസാറ്റിൽ 1990ൽ നടന്ന ഇന്ത്യൻ ശാസ്ത്രകോൺഗ്രസിൽ, സാധാരണക്കാരിലേക്ക് ശാസ്ത്രതത്വങ്ങൾ എത്തിക്കുന്നതിന് ഒരു കേന്ദ്രമുണ്ടാക്കണമെന്ന് വിഖ്യാത ശാസ്ത്രജ്ഞൻ പ്രൊഫ. യശ്പാൽ നിർദേശം വച്ചു. സമൂഹത്തിനായല്ല, സ്കൂൾ വിദ്യാർഥികൾക്കായാണ് ഇത്തരമൊരു കേന്ദ്രം വേണ്ടതെന്ന് ഡോ. കെ ജി നായർ വാദിച്ചു. അടിസ്ഥാന ശാസ്ത്രതത്വങ്ങളും ശാസ്ത്രപ്രതിഭകളെയും മനസ്സിലാക്കിയ വിദ്യാർഥികളിലൂടെ സ്വാഭാവികമായി സമൂഹത്തിൽ ശാസ്ത്രപ്രചാരണം സംഭവിക്കുമെന്ന വാദം പ്രൊഫ. യശ്പാലിന് ഏറെ ബോധിച്ചുവെന്ന് വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച ഡോ. കെ ബാബു ജോസഫ് (പിന്നീട് കുസാറ്റ് വൈസ് ചാൻസലർ) ഓർക്കുന്നു. അങ്ങനെ 1991ൽ ഡോ. കെ ജി നായർ മുൻകൈയെടുത്ത് ശാസ്ത്രസമൂഹകേന്ദ്രവും സയൻസ് പാർക്കും യാഥാർഥ്യമാക്കി.
ഉപകരണങ്ങളുടെ സഹായത്തോടെ സ്കൂൾ കുട്ടികൾക്ക് കണ്ടും കളിച്ചും പരീക്ഷിച്ചും തർക്കിച്ചുമൊക്കെ രസകരമായി അടിസ്ഥാന ശാസ്ത്രതത്വങ്ങളെ അറിയാനും അനുഭവിക്കാനുമാണ് ശാസ്ത്രസമൂഹകേന്ദ്രം (സി––സിസ്) രൂപകൽപ്പന ചെയ്തത്. മികച്ച ശാസ്ത്ര ലൈബ്രറിയും ഇതോടൊപ്പമുണ്ട്.
മധ്യവേനലവധിക്കാലത്ത് നാലുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്കായി ശാസ്ത്രാഭിമുഖ്യ – പ്രാപ്തി വികസന പദ്ധതി, സ്കൂളുകൾക്കായി ഏകദിന സമ്പർക്ക പരിപാടി, അധ്യാപകർക്ക് മൂന്നുദിവസത്തെ ശാസ്ത്രപോഷിണി, പഠനോപകരണ രൂപകൽപ്പനാ ക്ലാസുകൾ എന്നിവ സെന്ററിൽ നടത്തുന്നുണ്ട്. 31 വർഷത്തിനിടെ രാജ്യത്തിനകത്തും പുറത്തും നിന്നായി ഒന്നരലക്ഷത്തിലേറെ സ്കൂൾ വിദ്യാർഥികളും 12,000 അധ്യാപകരും 3000 സ്കൂളുകളെ പ്രതിനിധാനംചെയ്ത് കേന്ദ്രം സന്ദർശിച്ചതായാണ് കണക്ക്. ഈ മേഖലയിൽ ഇന്ത്യയിലെ മറ്റൊരു സർവകലാശാലയ്ക്കും അവകാശപ്പെടാനാകാത്ത നേട്ടമാണിത്. അമേരിക്കയിലെ ഇലോൺ സർവകലാശാലയിൽനിന്ന് എല്ലാ വർഷവും 20 വിദ്യാർഥികൾ എത്താറുണ്ട്. കേന്ദ്രം പ്രവർത്തനം ആരംഭിച്ചതുമുതൽ രണ്ടുവർഷംമുമ്പ് അസുഖബാധിതനാകുന്നതുവരെ സി–-സിസിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
കേരള സർവകലാശാലയുടെ കൊച്ചി ക്യാമ്പസിൽ കുസാറ്റ് പ്രവർത്തനം ആരംഭിക്കുമ്പോൾ ഫിസിക്സ് അധ്യാപകനായി ഡോ. കെ ജി നായരും ഉണ്ടായിരുന്നു. രാജ്യത്ത് സർവകലാശാലകളിൽ ആദ്യമായി കുസാറ്റിൽ റേഡിയോ ഫ്രീക്വൻസി ഡാർക്ക് റൂം സ്ഥാപിച്ചതും കേരളത്തിലാദ്യമായി മൈക്രോവേവ് ഇലക്ട്രോണിക്സ് പഠനം ആരംഭിച്ചതും ഇലക്ട്രോണിക്സ് വകുപ്പ് തുടങ്ങിയതും ഇദ്ദേഹം മുൻകൈയെടുത്തായിരുന്നു. സ്റ്റിക് (സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്റർ), കംപ്യൂട്ടർ സയൻസ്, ഫോട്ടോണിക്സ് വകുപ്പുകളുടെ രൂപീകരണത്തിലും നിർണായക പങ്കുവഹിച്ചു.
ഇന്ത്യയിലെ മികച്ച അധ്യാപകർക്ക് നൽകുന്ന ഡോ. എം വി പൈലി അവാർഡ് കെ ജി നായരുടെ ആശയമായിരുന്നു. അടുത്തകാലംവരെ അവാർഡ് നിർണയസമിതി അംഗമായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവും ദീർഘകാലം സെക്രട്ടറിയുമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു.
ആദ്യകാലത്ത് ഡോ. വെളിയനാട് ഗോപാലകൃഷ്ണൻനായർ എന്ന പേരിലാണ് ശാസ്ത്രകഥകളും കവിതകളും എഴുതിയത്. വിവർത്തകനായും പ്രവർത്തിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗസ്റ്റ് എഡിറ്ററായി പ്രവർത്തിച്ച കാലത്ത് യുവശാസ്ത്രജ്ഞരെ എഴുത്തിലേക്ക് വഴിതിരിച്ചു. അങ്ങനെ എഴുതിത്തുടങ്ങിയ ആളാണ് താനെന്ന് കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ. കെ ബാബു ജോസഫ് ഓർക്കുന്നു. ലോകമെങ്ങും ശിഷ്യരുള്ള ഡോ. കെ ജി നായർ ജനകീയ ശാസ്ത്രപ്രചാരണത്തിൽ എക്കാലത്തെയും പ്രകാശഗോപുരമാണ്.