വാസ്കോ
അർഹിച്ച ജയം ജോണി കൗകോ കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് തട്ടിമാറ്റി. കളി തീരാൻ സെക്കൻഡുകൾമാത്രം ബാക്കിനിൽക്കേ കൗകോ കുറിച്ച ഗോളിൽ എടികെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ 2–-2ന് തളച്ചു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ മാന്ത്രിക ഗോളുകളിലൂടെ രണ്ടുവട്ടം മുന്നിലെത്തിയശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്. ഡേവിഡ് വില്യംസിലൂടെയായിരുന്നു ബഗാൻ ആദ്യം ഒപ്പമെത്തിയത്.
സമനിലയോടെ 16 കളിയിൽ 27 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് സാധ്യത നിലനിർത്തി. ഹൈദരാബാദ് എഫ്സിയും എടികെ ബഗാനും ജംഷഡ്പുർ എഫ്സിയുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. 23ന് ഹൈദരാബാദുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഫ്രീകിക്കിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ബോക്സിന് പുറത്ത് സഹലിനെ വീഴ്ത്തിയതിന് ഫ്രീകിക്ക്. തൊടുക്കാനെത്തിയത് ക്യാപ്റ്റൻ ലൂണ. എടികെ ബഗാന്റെ പ്രതിരോധ മതിലിനെ കാഴ്ച്ചക്കാരാക്കി ഗോളി അമരീന്ദർ സിങ്ങിന് ഒരവസരവും നൽകാതെ പന്ത് വലയുടെ ഇടതുമൂലയിൽ കയറി. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ആഘോഷത്തിന് ഒട്ടും ആയുസ്സുണ്ടായില്ല. ഒരു മിനിറ്റിനുള്ളിൽ ബഗാൻ തിരിച്ചടിച്ചു. വേഗതയേറിയ പ്രത്യാക്രമണത്തിൽ ബ്ലാസ്റ്റേഴ്സ് പതറി. വില്യംസിന്റെ തകർപ്പനടി ഗോളായി.
അറുപത്തിനാലാം മിനിറ്റിൽ ലൂണ ബ്ലാസ്റ്റേഴ്സിനായി വീണ്ടും അവതരിച്ചു. പുയ്റ്റിയയിൽ നിന്ന് ഇടതുവശം ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച ലൂണ സ്വന്തന്ത്രനായിരുന്നു. സമയമെടുത്തുള്ള വലംകാൽ ഷോട്ട്. ആദ്യ ഫ്രീകിക്കിന് സമാനമായി വലയിലേക്ക്.
കളിയവസാനം പ്രബീർ ദാസ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയെങ്കിലും ബഗാൻ തളർന്നില്ല. കളിയുടെ അന്ത്യനിമിഷം ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചുപിളർന്ന് കൗകോയുടെ ഗോളെത്തി.