മുംബൈ
ഇന്ത്യൻ ക്രിക്കറ്റിൽ ഇനി രോഹിത് ശർമ യുഗം. ഏകദിന, ട്വന്റി–-20 ടീമുകൾക്ക് പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായും തെരഞ്ഞെടുത്തു. ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരപരമ്പരയിലാണ് അരങ്ങേറ്റം. മാർച്ച് നാലിന് മൊഹാലിയിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പരിചയസമ്പന്നരായ അജിൻക്യ രഹാനെയും ചേതേശ്വർ പൂജാരയും ഉൾപ്പെട്ടില്ല. ഇശാന്ത് ശർമയും വൃദ്ധിമാൻ സാഹയും പുറത്തായി.
ഉത്തർപ്രദേശിന്റെ ഇടംകൈയൻ സ്പിന്നർ സൗരഭ് കുമാറാണ് പുതുമുഖം. അക്സർ പട്ടേൽ പരിക്കുകാരണം പുറത്തിരിക്കുന്നതാണ് സൗരഭിന് തുണയായത്. ഫെബ്രുവരി 24ന് തുടങ്ങുന്ന മൂന്ന് മത്സര ട്വന്റി–-20 പരമ്പരയ്ക്കുള്ള ടീമും പ്രഖ്യാപിച്ചു. മലയാളിതാരം സഞ്ജു സാംസൺ മടങ്ങിയെത്തി. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇരുടീമിലും ഉൾപ്പെട്ടു. പേസർ ജസ്പ്രീത് ബുമ്രയാണ് ടെസ്റ്റ്, ട്വന്റി–-20 വൈസ് ക്യാപ്റ്റൻ. ശാർദൂൽ ഠാക്കൂറിന് വിശ്രമം അനുവദിച്ചു.
മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനും ട്വന്റി–-20യിൽ വിശ്രമം നൽകി. ടെസ്റ്റിൽ ഇരുവരും തിരിച്ചെത്തും. മൊഹാലിയിൽ കോഹ്ലിയുടെ നൂറാം ടെസ്റ്റാണ്. ആർ അശ്വിൻ കായികക്ഷമത തെളിയിക്കണം.
ടെസ്റ്റ് ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പ്രിയങ്ക് പഞ്ചാൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, കെ എസ് ഭരത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാർ
ട്വന്റി–-20
രോഹിത് ശർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വെങ്കിടേഷ് അയ്യർ, ദീപക് ചഹാർ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, യുശ്വേന്ദ്ര ചഹാൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ.