തിരുവനന്തപുരം> വൈദ്യുതി ബോര്ഡിലെ തൊഴിലാളി ഓഫീസര് സംഘടനകളുടെ നേതൃത്വത്തില് രൂപീകരിക്കപ്പെട്ട സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില് തിരുവനന്തപുരം വൈദ്യുതി ഭവന് മുന്നില് നടന്നുവന്ന അനിശ്ചിതകാല പ്രക്ഷോഭം മാനേജ്മെന്റുമായി നടന്ന ചര്ച്ചയിലുണ്ടായ ഒത്തുതീര്പ്പ് തീരുമാനത്തിന്റെ അടിസ്ഥാനത്തില് അവസാനിച്ചു.
കെഎസ്ഇബി വര്ക്കേഴ്സ് അസോസിയേഷന്(സി.ഐ.ടി.യു) കേരള ഇലക്ട്രിസിറ്റി വര്ക്കേഴ്സ് ഫെഡറേഷന്(എ.ഐ.ടി.യു.സി) കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്, കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷന് എന്നീ നാല് സംഘടനകളാണ് സംയുക്ത സമരസമിതിയുടെ ഭാഗമായി വിവിധ വിഷയങ്ങള് ഉയര്ത്തി പ്രക്ഷോഭത്തിലുണ്ടായിരുന്നത്.
വൈദ്യുതി ഭവനില് സംസ്ഥാന വ്യവസായ സുരക്ഷാസേനയുടെ സായുധ പാറാവ് ഏര്പെടുത്താനുള്ള തീരുമാനമാണ് പെട്ടെന്നൊരു പ്രക്ഷോഭത്തിലേക്ക് പോകേണ്ട സാഹചര്യം സൃഷ്ടിച്ചതെങ്കിലും യാതൊരുവിധ കൂടിയാലോചനകളുമില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുപോകുന്ന ബോര്ഡ് മാനേജ്മെന്റിന്റെ നടപടികളില് വൈദ്യുതി ബോര്ഡ് ജീവനക്കാരില് വലിയ അസംതൃപ്തി നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് വൈദ്യുതി ഭവനിലും സമാന ഓഫീസുകളിലും എസ്ഐഎസ്എഫ് സായുധ പാറാവ് ഏര്പെടുത്താനുള്ള തീരുമാനം റദ്ദാക്കുക എന്നതിനോടൊപ്പം വൈദ്യുതിബോര്ഡിന് ദുര്വ്യയമുണ്ടാകുന്ന തീരുമാനങ്ങള് പിന്വലിക്കുക, ഐടി നയം അട്ടിമറിക്കാനുള്ള നടപടികളില് നിന്നും പിന്മാറുക, സംഘടനാ പ്രവര്ത്തന സ്വാതന്ത്ര്യം തടയാനുള്ള നീക്കങ്ങളില് നിന്നും പിന്മാറുക തുടങ്ങിയ ആവശ്യങ്ങള് കൂടി ഉന്നയിച്ചുകൊണ്ട് സമരസമിതി പ്രക്ഷോഭം ആരംഭിക്കുന്നത്.
ഫെബ്രുവരി 15 മുതല് എസ്ഐഎസ്എഫ് പാറാവ് ഏര്പ്പെടുത്തുന്നതാണ് വൈദ്യുതിബോര്ഡ് ഉത്തരവില് പറഞ്ഞതെങ്കിലും സംഘടനകള് എതിര്പ്പ് അറിയിച്ച സാഹചര്യത്തില് 13-2-2022 മുതല് തന്നെ എസ്ഐഎസ്എഫ് വൈദ്യുതി ഭവന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുകയുണ്ടായി. അതോടൊപ്പം 14-2-22 മുതല് ആരംഭിക്കാനിരുന്ന പ്രക്ഷോഭത്തെ നിരോധിക്കുകയും പ്രക്ഷോഭത്തില് പങ്കെടുക്കുന്നവരുടെ പേരില് അച്ചടക്ക നടപടികള് സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ടായി.
നിരോധനം ലംഘിച്ചുകൊണ്ട് പ്രക്ഷോഭമായി മുന്നോട്ടുപോകാനാണ് സമരസമിതി തീരുമാനിച്ചത്. ഈ പ്രക്ഷോഭ സാഹചര്യത്തില് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ നേതൃത്വം പ്രശ്നത്തില് ഇടപെടുകയും മുന്നണിയുടെ കണ്വീനര് എ.വിജയരാഘവന്, സിഐടിയു സംസ്ഥാന ജനറല് സെക്രട്ടറി എളമരം കരീം എം.പി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവര് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്കുട്ടിയോട് സംസാരിക്കുകയും സമരസമിതി നേതാക്കളോട് ചര്ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്ന്ന് ഇന്നലെ ഉച്ചയ്ക്ക് വൈദ്യുതി മന്ത്രി സമരസമിതി നേതാക്കളുമായി ചര്ച്ച ചെയ്യുകയും ബോര്ഡ് മാനേജ്മെന്റിനോട് സംഘടനകളുമായി ചര്ച്ച ചെയ്യുന്നതിന് നിര്ദ്ദേശം നല്കുകയും ചെയ്തു.
ഇന്ന് രാവിലെ 10 മണിക്ക് ട്രേഡ് യൂണിയനുകളുമായും 12 മണിക്ക് ഓഫീസര് സംഘടനകളുമായും വൈദ്യുതിബോര്ഡ് സിഎംഡിയുടെ നേതൃത്വത്തില് ബോര്ഡ് മാനേജ്മെന്റ് ചര്ച്ച നടത്തി. ചര്ച്ചയില് താഴെപ്പറയുന്ന തീരുമാനങ്ങള് ഇരുകൂട്ടരും അംഗീകരിച്ചു.
1. വൈദ്യുതി ഭവനിലെ എസ്ഐഎസ്എഫ് പാറാവ് പരിമിതപ്പെടുത്തും. വൈദ്യുതി ഭവനുള്ളില് പ്രവര്ത്തിക്കുന്ന ഡാറ്റാ സെന്റര്, സബ് ലോഡ് ഡെസ്പാച്ച് സെന്റര് എന്നിവയുടെ മുന്നില് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മറ്റു കേന്ദ്രങ്ങളിലെല്ലാം നിലവിലുള്ള വിമുക്തഭടന്മാരുടെ പാറാവ് തന്നെ തുടരും. വൈദ്യുതി ഭവനിലെത്തുന്ന ജീവനക്കാര്ക്കോ പെന്ഷന്കാര്ക്കോ പൊതുജനങ്ങള്ക്കോ നിലവിലുണ്ടായിരുന്നതിനപ്പുറം മറ്റുള്ള നിയന്ത്രണങ്ങളൊന്നും ഉണ്ടായിരിക്കില്ല.
2. എസ്ഐഎസ്എഫ് സുരക്ഷ ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായി വൈദ്യുതി
വൈദ്യുതി ബോര്ഡ് ഇറക്കിയിരുന്ന നിയന്ത്രണങ്ങള് സംബന്ധിച്ച പരിപത്രം
പിന്വലിക്കും. പുതുക്കിയ പരിപത്രം പ്രസിദ്ധീകരിക്കും.
3. പ്രക്ഷോഭം നിരോധിച്ചുകൊണ്ട് ഇറക്കിയ കുറിപ്പും പരിപത്രവും പിന്വലിക്കും.
4. തൊഴിലാളികളും ഓഫീസര്മാരും പ്രക്ഷോഭത്തില് പങ്കെടുത്ത ദിവസങ്ങള്
അര്ഹതപ്പെട്ട അവധിയില് ക്രമീകരിക്കും.
5. സംയുക്തസമരസമിതി പ്രക്ഷോഭത്തിന് ആധാരമായി ഉന്നയിച്ച വിഷയങ്ങള്
അടക്കം ബോര്ഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില് സംഘടനകളുമായി
ചര്ച്ച ചെയ്ത് സമവായത്തിലെത്തി നടപ്പാക്കും. ഇതിനായി മാസത്തില് ഒരു ദിവസം തൊഴിലാളി ഓഫീസര് സംഘടനകളുമായി ബോര്ഡ് മാനേജ്മെന്റ് ചര്ച്ചനടത്തും. ഇതിനായി ഒരു കോ-ഓഡിനേഷന് സംവിധാനം ഏര്പ്പെടുത്തും.
6. സെന്ട്രല് ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സുരക്ഷാ റെഗുലേഷനിലെ നിബന്ധനകളുടെ ഭാഗമായി വൈദ്യുതി ബോര്ഡിലെ നാലായിരത്തിലേറെ ജീവനക്കാരുടെ പ്രൊമോഷനുകള് തടസ്സപ്പെട്ടിരുന്നു. ഇക്കാര്യത്തില് സുപ്രീംകോടതിയില് നിന്നും അനുകൂല വിധി ഉണ്ടായിട്ടുള്ള സാഹചര്യത്തില്
പ്രൊമോഷന് നടപടികള് താമസം വിനാ നടപ്പാക്കും.
മേല് തീരുമാനങ്ങളുടെ സാഹചര്യത്തില് സംയുക്ത സമരസമിതി നടത്തിയ പ്രക്ഷോഭം പിന്വലിക്കാന് തീരുമാനിച്ചു. തിങ്കളാഴ്ച വിജയ ദിനമായി ആചരിക്കാന് തീരുമാനിച്ചു. പ്രക്ഷോഭം വിജയകരമായി അവസാനിപ്പിക്കാന് മുന്കൈയെടുത്ത എ. വിജയരാഘവന്, എളമരം കരീം എം.പി, കാനം രാജേന്ദ്രന് വൈദ്യുതി മന്ത്രി ശ്രീ.കെ. കൃഷ്ണന്കുട്ടി എന്നിവര്ക്കും പ്രക്ഷോഭം വിജയകരമായി മുന്നോട്ടുകൊണ്ടുപോയ ജീവനക്കാര്ക്കും സംയുക്തസമരസമിതി നന്ദി രേഖപ്പെടുത്തി. പ്രക്ഷോഭ സാഹചര്യത്തില് ഉണ്ടായ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ജീവനക്കാരും മാനേജ്മെന്റും ഒറ്റ മനസ്സോടെ മുന്നോട്ടു പോകണമെന്നും സമരസമിതി ആഹ്വാനം ചെയ്തു.