തിരുവനന്തപുരം:സംസ്ഥാനത്ത് സൗരോർജ്ജവും ജലവൈദ്യുതിയും ആവശ്യാനുസരണം ലഭ്യമാകുന്ന പശ്ചാത്തലത്തിൽ പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് 220 കെ.വി സബ്സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച മൂന്ന്മെഗാവാട്ട് സൗരോർജ്ജ നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഇഎ റെഗുലേഷൻ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ പശ്ചാത്തലത്തിൽ കെ എസ് ഇ ബിയിൽ വർഷങ്ങളായി പ്രൊമോഷൻ മുടങ്ങിയിരുന്ന 4230 തൊഴിലാളികൾക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷൻ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ലൈൻമാൻ 2-ൽ നിന്ന്ലൈൻമാൻ 1-ലേക്ക് 3170 പേർക്കും ലൈൻമാൻ 1-ൽ നിന്ന് ഓവർസീയറിലേക്ക് 830 പേർക്കും ഓവർസീയർ / മീറ്റർ റീഡറിൽ നിന്ന് സബ് എഞ്ചിനീയറിലേക്ക് 90 പേർക്കും സബ് എഞ്ചിനീയറിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറിലേക്ക് 140 പേർക്കും പ്രമോഷൻ ലഭിച്ചേക്കും.
മലമ്പുഴ എം എൽ എ എ പ്രഭാകരൻ അധ്യക്ഷനായ ഉദ്ഘാടനച്ചടങ്ങിൽ പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. കെ എസ് ഇ ബി ചെയർമാൻ & മാനേജിങ്ഡയറക്ടർ ഡോ. ബി അശോക് സ്വാഗതവും ഡയറക്ടർ ആർ സുകു നന്ദിയും പ്രകാശിപ്പിച്ചു. സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുഗദാസ് ആശംസകൾ അർപ്പിച്ചു.