തിരുവനന്തപുരം: തനിക്കെതിരെയുള്ള ഗവർണറുടെ രൂക്ഷ വിമർശനത്തിന് മറുപടിയുമായി എ.കെ.ബാലൻ. താൻ പറഞ്ഞതാണോ ബാലിശം ഗവർണറുടെ സമീപനമാണോ ബാലിശമെന്ന് ജനം തീരുമാനിക്കട്ടെയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താൻ ഒരിക്കലും ഗവർണറെ അപമാനിച്ചിട്ടില്ല. സർക്കാരും ഗവർണറും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല എന്ന സന്ദേശമാണ് താൻ എപ്പോഴും നൽകിയിട്ടുള്ളതെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.
സഭയിൽ വരുന്നില്ലെന്നും പ്രസംഗം വായിക്കില്ലെന്നും സന്ദേശം നൽകുന്നതല്ലേ ബാലിശമെന്നും എ.കെ. ബാലൻചോദിച്ചു. യഥാർഥത്തിൽ ഗവർണറെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ വരില്ലെന്നും നയപ്രഖ്യാപനം വായിക്കില്ലെന്നും ഗവർണർ സന്ദേശം നൽകിയതിൽതന്നെ ഭരണഘടനാലംഘനം പ്രകടമാണ്. അതിന്റെ ഭാഗമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും എ.കെ. ബാലൻ പറഞ്ഞു.
അതിരൂക്ഷമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി അതിനെ മുതലെടുക്കാൻ പ്രതിപക്ഷത്തിന് ഇടയുണ്ടാക്കാതെ പരിഹരിക്കുകയാണ് സർക്കാർ ചെയ്തതെന്നും എ.കെ.ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights:ak balan replies to governor on comments made about him