കോട്ടയം: കിഴക്കമ്പലത്ത് മർദ്ദനമേറ്റ് മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കൽ കോളേജിൽവെച്ചാണ് പോസ്റ്റുമോർട്ടം നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിനെ സി.പി.എം. പ്രവർത്തകരായ നാലുപേർ ചേർന്ന് മർദിച്ചത്. കേസിൽ സി.പി.എം. കാവുങ്ങൽപറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ (36), പാറാട്ടുവീട്ടിൽ സൈനുദ്ദീൻ സലാം (27), നെടുങ്ങാടൻ ബഷീർ (36), വലിയപറമ്പിൽ അസീസ് (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രീനിജിൻ തകർക്കുന്നെന്നാരോപിച്ച് ശനിയാഴ്ച ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെയാണ് നാലുപേർ ദീപുവിനെ വീട്ടിൽനിന്നു പിടിച്ചിറക്കി മർദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മരണം സംഭവിച്ചത്.
Content Highlights:post mortem procedures of twenty 20 activist deepu completed at kottayam medical college