തിരുവനന്തപുരം: ഒരാഴ്ച പോലീസിനെ വട്ടംചുറ്റിച്ചെങ്കിലും കസ്റ്റഡി അവസാനിപ്പിക്കുന്ന ദിവസം അമ്പലംമുക്ക് കൊലപാതകത്തിലെ നിർണായക തെളിവായ കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം പിടിക്കപ്പെട്ടെങ്കിലും പരമാവധി തെളിവുകൾ പോലീസിന് ലഭിക്കാതിരിക്കാനുള്ള നീക്കമാണ് പ്രതി രാജേന്ദ്രൻ നടത്തിയത്.
പോലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്യുമ്പോൾ മാത്രമാണ് എന്തെങ്കിലും കാര്യങ്ങൾ പറയുന്നത്. അതുതന്നെ മറിച്ചും തിരിച്ചും മാറ്റിമാറ്റിയും പറഞ്ഞ് ഇയാൾ പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കേസിന്റെ വിചാരണഘട്ടത്തിൽ തെളിവുകൾ പരമാവധി ദുർബലമാക്കുകയായിരുന്നു കൊടുംകുറ്റവാളിയും നിയമപരമായ അറിവുമുള്ള രാജേന്ദ്രന്റെ ലക്ഷ്യം.
പ്രതി രാജേന്ദ്രനെ തെളിവെടുപ്പിനായി പേരൂർക്കടയിലെ കടയിൽ കൊണ്ടുവന്നപ്പോൾ
സി.സി.ടി.വി. ദൃശ്യങ്ങളിലൂടെയാണ് പോലീസ് രാജേന്ദ്രനെ കുടുക്കിയത്. എന്നാൽ, പിടിയിലായ ആദ്യദിവസം പോലീസിനോടു സംസാരിക്കാൻ രാജേന്ദ്രൻ തയ്യാറായില്ല. പലദിവസം ചോദ്യം ചെയ്തതിനുശേഷമാണ് മാല കാവൽക്കിണറിനുസമീപം അഞ്ചുഗ്രാമത്തിൽ പണയംവെച്ചുവെന്നത് സമ്മതിച്ചത്. മാലയും പണയം വെച്ച രസീതുകളും കൊലപാതകത്തിനിടെ പരിക്കേറ്റപ്പോൾ പേരൂർക്കട ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതിന്റെ രേഖകളും പോലീസ് കണ്ടെടുത്തിട്ടും പ്രതി പോലീസിനോട് നിസ്സഹകരണം തുടർന്നു.
കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കത്തിയും മാലയോടൊപ്പമുണ്ടായിരുന്ന താലിയും പോലീസിൽനിന്ന് ഒളിപ്പിക്കാനായിരുന്നു രാജേന്ദ്രന്റെ ശ്രമം. കത്തിയും വസ്ത്രങ്ങളും ഒളിപ്പിച്ച സ്ഥലങ്ങൾ കന്യാകുമാരി മുതൽ മെഡിക്കൽ കോളേജ് വരെ മാറിമാറി പറഞ്ഞു. ഒടുവിൽ വസ്ത്രങ്ങൾ മുട്ടട കുളത്തിൽനിന്നു കണ്ടെടുത്തെങ്കിലും കത്തി കിട്ടിയില്ല.
മെഡിക്കൽ കോളേജ് മുതൽ ഉള്ളൂർ വരെയുള്ള വിവിധ സ്ഥലങ്ങൾ ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ചോദ്യം ചെയ്യലിന്റെ പല ഘട്ടങ്ങളിലും ഇയാളെ ഈ സ്ഥലങ്ങളിൽ കൊണ്ടുപോയി. എന്നാൽ പറഞ്ഞ സ്ഥലത്തെത്തുമ്പോൾ ഇവിടെയല്ലെയെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിച്ചുകൊണ്ടിരുന്നു.
കൊടുംകുറ്റവാളിയായ രാജേന്ദ്രൻ കത്തി ഉപേക്ഷിക്കില്ലെന്ന നിലപാടിലേക്ക് ഒടുവിൽ പോലീസ് എത്തുകയായിരുന്നു. തുടർന്ന് ചോദ്യങ്ങൾ ഈ തരത്തിലേക്കായി. ഇങ്ങനെയാണ് ഇയാൾ താമസിക്കുന്ന സ്ഥലത്തുതന്നെ അന്വേഷണം എത്തിയത്. എന്നിട്ടും അവസാന നിമിഷം വരെ കെട്ടിടത്തിന് പിന്നിലെ സ്ഥലം മാറ്റിപ്പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാനാണ് പ്രതി ശ്രമിച്ചത്. നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകൾ രാജേന്ദ്രന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
പ്രതിയുടെ പോലീസ് കസ്റ്റഡി അവസാനിച്ചു
അമ്പലംമുക്കിലെ ചെടിവിൽപ്പനക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്താൻ പ്രതി രാജേന്ദ്രൻ ഉപയോഗിച്ച കത്തി കണ്ടെത്തി. തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ജോലി ചെയ്തിരുന്ന പേരൂർക്കടയിലെ ചായക്കടയിൽ ഒളിപ്പിച്ചനിലയിലാണ് കണ്ടെത്തിയത്.
പേരൂർക്കട കുമാർ ടീസ്റ്റാളിന്റെ അടുക്കള പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഭൂനിരപ്പിന്റെ താഴെയുള്ള മുറിയിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. ഈ മുറിയിൽ മുമ്പുണ്ടായിരുന്ന വാഷ്ബെയ്സിൽനിന്നു വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ചിരുന്ന പൈപ്പിനുള്ളിലാണ് കത്തിയുണ്ടായിരുന്നത്. പുറത്ത് കാണാനാകാത്തനിലയിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. പൈപ്പ് മുറിച്ചുമാറ്റിയാണ് കത്തി പുറത്തെടുത്തത്. പ്രതിയുമായി പോലീസ് കടയ്ക്ക് പുറത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിക്കുകയും ഇയാളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
ചായക്കടയ്ക്കു തൊട്ടടുത്ത ഈ കെട്ടിടത്തിന്റെ മുകളിലത്തനിലയിലാണ് പ്രതി രാജേന്ദ്രൻ ഉൾപ്പെടെയുള്ള ജീവനക്കാർ താമസിച്ചിരുന്നത്. കെട്ടിടത്തിനുപുറകിൽ ഏതാനും വീടുകളിലേക്ക് പോകാനുള്ള വഴിയുണ്ട് ഈ ഭാഗത്തേക്ക് കത്തി എറിഞ്ഞുകളഞ്ഞുവെന്നാണ് രാജേന്ദ്രൻ രാവിലെ പോലീസിനോടു പറഞ്ഞത്. പ്രതിയുമായി കടയിലെത്തിയ അന്വേഷണസംഘം ഈ ഭാഗത്താണ് ആദ്യം പരിശോധന നടത്തിയത്. എന്നാൽ കത്തി കിട്ടാതെ വന്നതോടെ കടയിൽവെച്ചും രാജേന്ദ്രനെ ചോദ്യം ചെയ്തു. തുടർന്നാണ് പൈപ്പിനുള്ളിൽ കത്തി ഒളിപ്പിച്ചകാര്യം പറയുന്നത്.
ഏഴുദിവസത്തെ പോലീസ് കസ്റ്റഡി കഴിഞ്ഞ് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കി. നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം വീണ്ടും ആവശ്യമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പേരൂർക്കട സി.ഐ. സജികുമാർ പറഞ്ഞു.
രാജേന്ദ്രൻ മോഷ്ടിച്ച മാല നാഗർകോവിലിനു സമീപം കാവൽക്കിണറിലെ സ്ഥാപനത്തിൽ പണയംവെച്ചത് അന്വേഷണസംഘം കണ്ടെടുത്തിരുന്നു. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ മുട്ടട കുളത്തിൽനിന്നു ലഭിച്ചു. എന്നാൽ മോഷ്ടിച്ച മാലയോടൊപ്പമുണ്ടായിരുന്ന താലി കണ്ടെത്താനായില്ല.
ഫെബ്രുവരി ആറിനാണ് മാല മോഷണത്തിനിടയിൽ രാജേന്ദ്രൻ വിനീതയെ കഴുത്തിൽക്കുത്തി കൊന്നത്.
ഇനി കുറ്റപത്രം; അന്വേഷണം ഇങ്ങനെ
ഫെബ്രുവരി-6 ഞായറാഴ്ച
അമ്പലംമുക്ക്-കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് സ്വദേശി വിനീതയെ(38) ഞായറാഴ്ച ഉച്ചയ്ക്ക് കടയ്ക്കുള്ളിൽ കുത്തേറ്റുമരിച്ചനിലയിൽ കണ്ടെത്തി.
ഫെബ്രുവരി-7
മൂർച്ചയേറിയ ആയുധംകൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വിനീതയുടെ ബാഗിലുണ്ടായിരുന്ന പണം കവർച്ച ചെയ്യപ്പെടാത്തതിനാൽ കൊലപാതകത്തിനു പിന്നിൽ മോഷണശ്രമം അല്ല എന്ന നിഗമനം. എന്നാൽ, താലിമാല കാണാനില്ല എന്ന് യുവതിയുടെ ബന്ധുക്കൾ പരാതിപ്പെട്ടു.
ഫെബ്രുവരി-8
കൈയിൽ ചോരപ്പാടുമായി കടയിൽനിന്നിറങ്ങിവരുന്ന ആളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഇതുകണ്ട് ആളെ തിരിച്ചറിഞ്ഞ ഓട്ടോഡ്രൈവർ പറഞ്ഞതനുസരിച്ച് പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു.
ഫെബ്രുവരി-9
മുട്ടടയിൽനിന്ന് ഇയാൾ ഒരു സ്കൂട്ടറിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഈ സ്കൂട്ടറുകാരനെ ചോദ്യംചെയ്തതിൽനിന്ന് ഇയാൾ ഉള്ളൂർ ഇറങ്ങിയതായി വിവരം. പ്രതിയെന്ന് സംശയിച്ച ഇയാളുടെ സംസാരത്തെക്കുറിച്ചുള്ള സൂചനകളിൽനിന്ന് ഇയാൾ മലയാളിയല്ലെന്ന് പോലീസ് ഉറപ്പിക്കുന്നു. മറുനാട്ടുകാരുടെ താമസസ്ഥലങ്ങൾ ഉൾപ്പെടെ കനത്ത നിരീക്ഷണത്തിലാക്കുന്നു.
ഫെബ്രുവരി-10
പേരൂർക്കട ജങ്ഷനു സമീപം ഇയാൾ ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചു. തുടർന്ന് ഇയാൾ ജോലിചെയ്തിരുന്ന കട പോലീസ് കണ്ടെത്തി. അന്ന് രാത്രിതന്നെ തമിഴ്നാട് കാവൽകിണറിലെത്തി പ്രതി രാജേന്ദ്രനെ പിടികൂടി.
ഫെബ്രുവരി-11
പേരൂർക്കട സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യൽ. കൊലപാതകത്തിനു പിന്നിൽ മോഷണശ്രമമാണെന്ന് ഉറപ്പിച്ചു
ഫെബ്രുവരി-12
രാജേന്ദ്രനുമായി തമിഴ്നാട്ടിലെത്തി തെളിവെടുപ്പ്. തൊണ്ടിയായ മാല കണ്ടെത്തി. തമിഴ്നാട്ടിൽ ഇയാൾ നടത്തിയ മറ്റ് മൂന്ന് കൊലപാതകങ്ങളുടെ ചുരുളഴിയുന്നു.
ഫെബ്രുവരി-13
പ്രതിയുടെ നിസ്സഹകരണം കാരണം തൊണ്ടിമുതൽ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം വിഫലമാകുന്നു
ഫെബ്രുവരി-14
മുട്ടടയ്ക്കുസമീപമുള്ള കുളത്തിൽനിന്ന് കൊലപാതകത്തിനുശേഷം ഇയാൾ ഉപേക്ഷിച്ച വസ്ത്രം കണ്ടെടുത്തു
ഫെബ്രുവരി-15, 16, 17
പ്രധാന തെളിവായ കൊലക്കത്തി കണ്ടെത്താൻ പോലീസിന്റെ തീവ്രശ്രമം. വീണ്ടും തമിഴ്നാട്ടിൽ പോയും അന്വേഷണം. മൂന്നുനാൾ പോലീസിനെ പലതവണ രാജേന്ദ്രൻ വഴിതെറ്റിച്ചു.
ഫെബ്രുവരി-18
കേസിലെ ഏറ്റവും നിർണായക തെളിവായ കൊലക്കത്തി, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിൽനിന്നു കണ്ടെത്തി.
Content Highlights:ambalamukku murder culprit gives hard time for the police during investigation