കൊച്ചി > കിഴക്കമ്പലത്തെ ദീപുവിന്റെ മരണം രാഷ്ട്രീയ കൊലപാതകമാക്കി അവതരിപ്പിക്കാനുള്ള നീക്കങ്ങൾക്ക് വസ്തുതകൾ നിരത്തി മറുപടിയുമായി സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ എസ് അരുൺ കുമാർ. ട്വന്റി ട്വന്റിയും, കോൺഗ്രസും മാധ്യമങ്ങളും ചേർന്ന് ദീപുവിന്റെ മരണം സിപിഐ എമ്മിന്റെ മേൽ ചാരാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് ദീപുവും സിപിഐ എം പ്രവർത്തകരും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് അരുൺകുമാർ പറഞ്ഞു.
കിഴക്കമ്പലത്തെ ദീപു എന്ന യുവാവിന്റെ കൊലപാതകം ഒരു രാഷ്ടീയ കൊലപാതകമല്ല. ഏതെങ്കിലും രാഷ്ടീയ പാർട്ടികളുടെ പ്രവർത്തകരുമായുള്ള സംഘർഷത്തിന്റെ ഭാഗമായോ സംഘർഷത്തിൽ ഉണ്ടായ
പരിക്കിന്റെ കാഠിന്യത്താൽ പിന്നീട് സംഭവിച്ച മരണവുമല്ല ദീപുവിന്റെത്.
ഫെബ്രുവരി 13 ശനിയാഴ്ചയാണ് കിഴക്കമ്പലത്തെ ട്വന്റി T20 എന്ന പാർട്ടി കുന്നത്തുനാട് എംഎൽഎക്കെതിരെ ഒരു “ലൈറ്റണക്കൽ” സമരം നടത്തിയത്. ചില വീടുകളിൽ കയറിച്ചെന്ന് നിർബന്ധമായി “ലൈറ്റണക്കാൻ ” പ്രേരിപ്പിച്ചതിന് ദീപുവും പ്രദേശിക സിപിഐ എം പ്രവർത്തകരും തമ്മിൽ ഉച്ചത്തിൽ സംസാരമുണ്ടായി. അവിടെ യാതൊരു വിധ സംഘർഷവും ഉണ്ടായിട്ടില്ല. ദീപുവുമായി സിപിഐ എം പ്രവർത്തകർക്ക് യാതൊരു വിധത്തിലുള്ള വിരോധമോ മുൻ വൈരാഗ്യമോ ഇല്ലായിരുന്നു. പിറ്റെ ദിവസം (ഞായറാഴ്ച) സിപിഐ എം പ്രവർത്തകർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനും ഫണ്ടുശേഖരണത്തിനുമായി ദീപുവിന്റെ വീട്ടിൽ പോയി. സിപിഐ എം പ്രവർത്തകർ ദീപുവിന് സമ്മേളന നോട്ടീസ് നൽകുകയും ദീപുവും അമ്മയും നൽകിയ ഫണ്ട് സ്വീകരിക്കുകയും ചെയ്തു.
തലേദിവസം ശനിയാഴ്ച ഞാൻ മദ്യപിച്ചിരുന്നു എന്നും കുറച്ച് “ഓവറായി’ പോയി എന്നും ദീപു പ്രാദേശിക സിപിഐ എം പ്രവർത്തകരോട് പറയുകയും ചെയ്തു. ശനിയാഴ്ചയും ഞായറാഴ്ചയും തിങ്കളാഴ്ച ഉച്ചവരെയും ദീപുവിന് ഒരു ശാരീരിക ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് ദീപുവിന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതും തൊട്ടടുത്ത പഴങ്ങനാട് ആശുപത്രിയിൽ പോയതും. പഴങ്ങനാട് ഹോസ്പിറ്റലിൽ പോകുമ്പോൾ ദീപു പൂർണ്ണ ബോധവാൻ ആയിരുന്നു. നടന്നു സഞ്ചരിച്ചാണ് ദീപു പഴങ്ങനാട് ആശുപത്രിക്കുള്ളിലേക്ക് പ്രവേശിച്ചത്. ഏതെങ്കിലും തരത്തിലുള്ള സംഘടനത്തിൽ ഏർപ്പെട്ടതായോ സംഘടനത്തിൽ തനിക്ക് പരിക്കേറ്റതായോ ദീപു പഴങ്ങനാട് ഹോസ്പിറ്റലിൽ തന്നെ ചികിത്സിച്ച ഡോക്ടറോട് പറഞ്ഞില്ല. തലവേദനയുണ്ടെന്നും മദ്യപാന ശീലമുണ്ടെന്നും നിരവധി മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് മാത്രമാണ് ദീപു ഡോക്ടറോട് പറഞ്ഞത്. അതുകൊണ്ട് തന്നെ പഴങ്ങനാട് ഹോസ്പിറ്റലിൽ നിന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് ഇന്റിമേഷൻ പോയില്ല. ഒരു കുറ്റകൃത്യം നടന്ന ഒരു സാഹചര്യവും ദീപുവും കൂടെ ചെന്ന T20 – T20 പ്രവർത്തകരും ഡോക്ടറോട് പറഞ്ഞില്ല.
ആ ഹോസ്പിറ്റലിൽനിന്നും ഡോക്ടറുടെ നിർദ്ദേശ പ്രകാരം ദീപുവിനെ രാജഗിരി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്ന സമയത്താണ് ദീപുവിന് ബോധക്ഷയം ഉണ്ടായത്. രാജഗിരി ഹോസ്പിറ്റലിൽ ദീപുവിനെ എത്തിക്കുമ്പോൾ ദീപു അബോധാവസ്ഥയിൽ ആയിരുന്നു. രാജഗിരി ഹോസ്പിറ്റലിൽ ദീപുവിന്റെ രോഗവിവരം ഡോക്ടറോട് പറഞ്ഞത് ദീപുവിനോടൊപ്പം ഹോസ്പിറ്റലിലേക്ക് പോയ T20 – T20 പ്രവർത്തകരും ആണ്. നിത്യ രോഗിയും ആന്തരിക അവയവങ്ങൾക്ക് മാറാരോഗാവസ്ഥയുള്ളതും വിവിധ മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കുന്ന ആളുമായ ദീപുവിന്റെ മരണം ആന്തരിക രക്തശ്രാവത്തെത്തുടർന്നാണ്. അതിന്റെ കാരണങ്ങൾ ഗൗരവമായി കണ്ടെത്തേണ്ടത് ഡോക്ടർമാരാണ്.
പിന്നെ ദീപുവിനെ സിപിഐ എം പ്രവർത്തകർ മർദ്ദിക്കുന്നത് കണ്ടു എന്നു പറഞ്ഞ പഞ്ചായത്ത് മെമ്പർ ആ വിവരം ശനിയാഴ്ചയും ഞായറാഴ്ചയും തിങ്കളാഴ്ചയും പൊലീസിനോടൊ മറ്റാരോടൊ പറയാത്തത് എന്തുകൊണ്ടാണ്?. ദീപു അബോധാവസ്ഥയിൽ ആയതിനുശേഷം പഞ്ചായത്ത് മെമ്പർ കള്ളപരാതി നൽകിയത് ആരുടെ നിർദേശപ്രകാരമാണ്?. പഞ്ചായത്തുമെമ്പറുടെ ദുഷ്ചേദികളെ ശക്തമായി രാഷ്ട്രീയമായി വിമർശിക്കുന്ന പ്രദേശിക സിപിഐ എം പ്രവർത്തകർക്കെതിരെ സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം പരാതി നൽകിയത് ആരുടെ നിർദ്ദേശ പ്രകാരമാണ്?.
സംഭവദിവസം കുന്നത്തുനാട് മണ്ഡലത്തിൽ പോലും ഇല്ലാതിരുന്ന എംഎൽഎയെ താൻ കണ്ടു എന്ന് ദീപുവിന്റെ മരണശേഷം പഞ്ചായത്ത് മെമ്പർ പറഞ്ഞത് ആര് പറഞ്ഞിട്ടാണ്?. ഇന്ന് ദീപുവിന്റെ മരണശേഷം ടി.വി ചാനലുകാരുടെ മുന്നിൽ T20- T20 പഞ്ചായത്ത് മെമ്പർമാർ നടത്തിയ “രാഷ്ട്രീയ അഭിനയ നാടകം” കണ്ടാൽ അതിനു പിന്നിൽ T20 – T20 യുടെ തിരക്കഥയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാക്കാവുന്നതേ ഉള്ളൂ. പിന്നെ കിട്ടിയ അവസരം വിനിയോഗിക്കാൻ T20 – T20 പാർട്ടി നടത്തുന്ന രാഷ്ട്രീയ നാടകം മനസിലാക്കാം. സത്യം മനസിലായിട്ടും അവസരവാദ രാഷ്ടീയത്തിന്റെ ആൾരൂപമായ കോൺഗ്രസ് നടത്തുന്ന പ്രസ്താവനകളും ഇടപെടലുകളും അവർ T20 – T20 യെക്കാളും എത്രയധികം അൽപൻന്മാരാണ് എന്ന് തെളിയിക്കുന്ന തരത്തിലാണ് – അരുൺ കുമാർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.