നൗകാമ്പ്
ഫെറാൻ ടോറെസിന്റെ പെനൽറ്റി ഗോളിൽ ബാഴ്സലോണ നാപോളിയോട് സമനിലയുമായി രക്ഷപ്പെട്ടു. ഒരുഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു സമനില. യൂറോപ ലീഗ് അവസാന മുപ്പത്തിരണ്ടിലെ ആദ്യപാദത്തിൽ 1–1നാണ് കളി അവസാനിച്ചത്. യൂറോപയിലെ മറ്റൊരു മത്സരത്തിൽ ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ റേഞ്ചേഴ്സ് 4–2ന് തകർത്തു. സ്വന്തം തട്ടകത്തിലായിരുന്നു ഡോർട്ട്മുണ്ടിന്റെ തോൽവി.
സ്വന്തം തട്ടകമായ നൗകാമ്പിൽ അവസരങ്ങൾ തുലയ്ക്കുകയായിരുന്നു ബാഴ്സ. പെനൽറ്റിയിലൂടെ ഒരുഗോൾ നേടിയെങ്കിലും മുന്നേറ്റത്തിൽ ടോറെസ് മങ്ങി. ഗോളെന്നുറച്ച അവസരങ്ങൾ ടോറെസ് പാഴാക്കുകയായിരുന്നു. ബോക്സിൽവച്ച് ക്രോസ്ബാറിന് മുകളിലൂടെ പറത്തി. അവസാന ഘട്ടത്തിൽ ഒരു ഷോട്ട് ബാറിൽ ഇടിച്ചുതെറിച്ചു.
കളിയുടെ തുടക്കത്തിൽ നാപോളി ലീഡ് നേടി. പിയോറ്റർ സീലിൻസ്കിയുടെ ഗോളിലാണ് അവർ മുന്നിലെത്തിയത്.
രണ്ടാംപകുതിയിൽ ആദമ ട്രയോറെയുടെ ക്രോസ് നാപോളി താരം യുവാൻ ജീസസിന്റെ കെെയിൽ തട്ടിയതിന് ബാഴ്സയ്ക്ക് അനുകൂലമായി പെനൽറ്റി. ടോറെസിന് പിഴച്ചില്ല. രണ്ടാംപാദം 24ന് നാപോളി തട്ടകത്തിൽ നടക്കും.