ഫത്തോർദ
ഐഎസ്എൽ അവസാന ഘട്ടത്തിലേക്ക് നീങ്ങവെ പ്ലേ -ഓഫിൽ സ്ഥാനം ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. പട്ടികയിൽ നാലാമതുള്ള ബ്ലാസ്റ്റേഴ്സിന് കരുത്തരായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. ആദ്യകളിയിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചവരാണ് എടികെ ബഗാൻ.
എടികെ ബഗാന് 15 കളിയിൽ 29ഉം ബ്ലാസ്റ്റേഴ്സിന് 26ഉം പോയിന്റാണ്. ഇന്നത്തെ മത്സരം ഉൾപ്പെടെ അഞ്ച് കളികളാണ് ബാക്കി. നാലുകളി ശേഷിക്കുന്ന ഹെെദരാബാദ് എഫ്സി 29 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. തുടർജയം നേടിയ ജംഷഡ്പുർ എഫ്സി 28 പോയിന്റുമായി മൂന്നാമത്. 16 കളിയിൽ 25 പോയിന്റുള്ള മുംബെെ സിറ്റി അഞ്ചാമതും 23 പോയിന്റുള്ള ബംഗളൂരു എഫ്സി ആറാമതുമുണ്ട്. മൂന്നുകളി ശേഷിക്കെ 22 പോയിന്റുള്ള ഒഡിഷ എഫ്സിക്കും പ്ലേ ഓഫ് സാധ്യതയുണ്ട്. അതിനാൽ പോരാട്ടം കടുക്കും. അവസാന കളിയിൽ ഈസ്റ്റ് ബംഗാളിനെ ഒരുഗോളിന് തോൽപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രകടനത്തിൽ പിന്നിൽപ്പോയി. കോവിഡിന്റെ ഇടവേളയ്ക്കുശേഷം ഇവാൻ വുകോമനോവിച്ചിന്റെ സംഘത്തിന് താളം കണ്ടെടുക്കാൻ കഴിഞ്ഞില്ല. അവസാന നാലുകളിയിൽ രണ്ടുവീതം ജയവും തോൽവിയും.അൽവാരോ വാസ്ക-സ്, അഡ്രിയാൻ ലൂണ, ജോർജ് ഡയസ് എന്നിവരിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ.
ബംഗളൂരുവിന് തോൽവി
നോർത്ത് ഈസ്റ്റ് യുണെെറ്റഡിനോട് 1–2ന് തോറ്റ ബംഗളൂരു എഫ്സിയുടെ പ്ലേ ഓഫ് സാധ്യതകൾ മങ്ങുന്നു. ശേഷിക്കുന്ന മൂന്ന് കളികൾ അവർക്ക് നിർണായകമായി. അവസാന സ്ഥാനക്കാരാണ് നോർത്ത് ഈസ്റ്റ്.