ന്യൂഡൽഹി
2013 ഒക്ടോബർ 31ന് മുമ്പ് സർവീസിലുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരുടെ സ്ഥാനക്കയറ്റം ഉൾപ്പടെയുള്ളവയിൽ സിഇഎ(സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി)ചട്ടം ബാധകമാക്കരുതെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. പവർപ്ലാന്റുകളിലും സബ്സ്റ്റേഷനുകളിലും എൻജിനിയർമാർക്കും സൂപ്പർവൈസർമാർക്കും ഡിപ്ലോമയോ, എൻജിനിയറിങ് ബിരുദമോ വേണം, ലൈൻജോലികള്ക്ക് ഐടിഐ വേണം എന്നതാണ് ചട്ടം.
ഇതിൽനിന്നും നിലവിലുള്ള ജീവനക്കാരെ സംരക്ഷിക്കുന്നതിനായി ഇവരെ ഒഴിവാക്കി എൽഡിഎഫ് സർക്കാർ 2019ന് ഉത്തരവിറക്കി. ഇതിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് 2020ൽ ഉത്തരവിട്ടു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ ഡിവിഷൻബെഞ്ച് സർക്കാർനിലപാട് ശരിവച്ചു. ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് സുപ്രീംകോടതി ഇപ്പോൾ തള്ളിയത്.
ദീർഘകാലമായി ജോലി ചെയ്യുന്നവരുടെ പ്രവൃത്തിപരിചയം കണക്കിലെടുത്താണ് വ്യവസ്ഥയിൽ നിന്നും ജീവനക്കാരെ ഒഴിവാക്കിയതെന്ന് സംസ്ഥാനത്തിനുവേണ്ടിമുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ് വാദിച്ചു. റെഗുലേഷനിലെ തന്നെ 116ാം വകുപ്പ് പ്രകാരമാണ് സംസ്ഥാനസർക്കാർ ഉത്തരവെന്ന് കെഎസ്ഇബിക്ക് വേണ്ടി പി വി ദിനേശ് ചൂണ്ടിക്കാട്ടി. 17,367 ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് വർക്കേഴ്സ് അസോസിയേഷനു വേണ്ടി പി എൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടി.