പാലക്കാട്
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് നിയമനം ലഭിച്ച എച്ച്ആർഡിഎസ് പൂർണമായും സംഘപരിവാർ നിയന്ത്രണത്തിൽ. കോൺഗ്രസ് നേതാവായിരിക്കെ ബിജെപിയിലേക്ക് ചേക്കേറിയ എസ് കൃഷ്ണകുമാർ പ്രസിഡന്റായ എച്ച്ആർഡിഎസ് ഒന്നാം മോദി സർക്കാർ അധികാരമേറ്റതോടെ സംഘപരിവാർ നിയന്ത്രണത്തിലായി. ബിജെപി അനുഭാവിയും കേന്ദ്ര മന്ത്രിസഭയിൽ ശക്തമായ സ്വാധീനവുമുള്ള ഗുരു ആത്മനമ്പിയാണ് പ്രസിഡന്റ്. സംഘപരിവാർ സംഘടനകളുടെ ഉറ്റ സുഹൃത്ത് അജി കൃഷ്ണനാണ് സെക്രട്ടറി. ആർഎസ്എസ് സൈദ്ധാന്തികനും സംഘപരിവാർ സംഘടനകളുടെ കോ–-ഓർഡിനേറ്ററുമായ കെ ജി വേണുഗോപാലാണ് വൈസ് പ്രസിഡന്റ്. പ്രോജക്ട് കോ–-ഓഡിനേറ്റർ ഷൈജു ശിവരാമൻ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആനക്കട്ടി ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായിരുന്നു.
സ്വപ്ന സുരേഷിന് വിദേശ സംഭാവന സ്വീകരിക്കുക, കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്ന് സോഷ്യൽ റെസ്പോൺസിബിൾ (സിഎസ്ആർ) ഫണ്ട് കണ്ടെത്തുക എന്നതാണ് മുഖ്യ ചുമതല. പാലക്കാട് ചന്ദ്രനഗർ ആസ്ഥാനമായ എച്ച്ആർഡിഎസിന്റെ മുഖ്യ പ്രവർത്തനമേഖല ആദിവാസികൾക്കിടയിലാണ്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് സൊസൈറ്റിയുടെ പ്രവർത്തനം. ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജനയിൽനിന്ന് ഫണ്ട് സംഘടിപ്പിച്ച് ആദിവാസി മേഖലകളിൽ ചെലവഴിക്കുകയാണ്. കുടുംബശ്രീകൾക്ക് നൽകുന്ന ഫണ്ടാണ് സന്നദ്ധ സംഘടനയ്ക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്നത്. വർഷം 12 കോടിയോളം രൂപ ഈയിനത്തിൽ ലഭിക്കുന്നു.
തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഗ്രാമീണ– ആദിവാസി മേഖലകളിലും പ്രവർത്തിക്കുന്ന എച്ച്ആർഡിഎസിന്റെ പല പ്രവർത്തനങ്ങളും മുമ്പേ സംശയദൃഷ്ടിയിലാണ്. പാട്ടക്കൃഷിയുടെ പേരിൽ ആദിവാസികളുടെ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചതും കോവിഡിനിടെ ആദിവാസി വിഭാഗങ്ങൾക്ക് ഉൾപ്പെടെ അനുമതിയില്ലാതെ മരുന്ന് വിതരണംചെയ്തതും വിവാദമായിരുന്നു. ‘സദ്ഗൃഹ’, ‘ഛായാമുഖി’, ‘ഏകാഗ്ര’, ‘നിരാമയ’, ‘കർഷക’ തുടങ്ങിയ പദ്ധതികളാണ് ഇവർ നടപ്പാക്കുന്നത്.
നിയമിച്ചത് അജി കൃഷ്ണൻ:
എസ് കൃഷ്ണകുമാർ
സ്വപ്നയെ നിയമിച്ചത് സെക്രട്ടറി അജി കൃഷ്ണനെന്ന് പ്രഡിഡന്റ് എസ് കൃഷ്ണകുമാർ. പ്രസിഡന്റ് സ്ഥാനത്തുനിന്ന് നിയമവിരുദ്ധമായി തന്നെ നീക്കിയത് അജി കൃഷ്ണനാണ്. സമാന്തര ഡയറക്ടർ ബോർഡ് ഉണ്ടാക്കുകയാണദ്ദേഹം. എൻഡിഎ മുന്നണിയിൽനിന്ന് പല ആനുകൂല്യങ്ങളും കൈപ്പറ്റുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ എൻഡിഎ സ്ഥാനാർഥിയായത് ഇയാളുടെ സഹോദരൻ ബിജു കൃഷ്ണനാണ്. പ്രോജക്ട് കോ–-ഓഡിനേറ്ററായ ജോയ് മാത്യു, സെക്രട്ടറി, രണ്ട് സ്ത്രീ ജീവനക്കാർ എന്നിവർ അഴിമതി നടത്തുകയാണെന്നും കൃഷ്ണകുമാർ സ്വകാര്യ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.