ശാസ്താംകോട്ട > ദേവസ്വം ബോർഡ് കോളേജിൽ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയ ആറ് കെഎസ്യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി കാരൂർക്കടവ് അബി മൻസിലിൽ അൻവർ (24), മൈനാഗപ്പള്ളി വേങ്ങ വാറുതുണ്ടിൽ പടിഞ്ഞാറ്റതിൽ അബ്ദുള്ള (19), മൈനാഗപ്പള്ളി ഇടവനശ്ശേരി ബിനു ഭവനിൽ അലൻ (23), വടക്കൻ മൈനാഗപ്പള്ളി ഷാൻ മൻസിലിൽ ഷാൻ (31), ശാസ്താംകോട്ട മനക്കര വിജയഭവനിൽ വിനോ വിജയ് (30), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ അൻഷർ നിവാസിൽ ഇർഷാദ് (21) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച പകൽ പതിനൊന്നോടെയാണ് കെഎസ്യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാരകായുധങ്ങളുമായി കോളേജിലെത്തി പെൺകുട്ടികളടക്കമുള്ള എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്. ആസൂത്രിതമായി നടത്തിയ ആക്രമണത്തിൽ ഇരുപതോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് ബോധപൂർവം കെഎസ്യു അക്രമം അഴിച്ചുവിട്ടത്. അക്രമം കോളേജിന് പുറത്തേക്ക് വ്യാപിപ്പിക്കാനും ശ്രമിച്ചു.
നേതൃത്വം നൽകിയത് യൂത്ത്കോൺഗ്രസ് ജനറൽ സെക്രട്ടറി
ദേവസ്വം ബോർഡ് കോളേജിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചതിന് നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബുവും കെഎസ്യു ജില്ലാ സെക്രട്ടറി ഹാഷിം സുലൈമാനും. ദിനേശ് ബാബു ജില്ലാപഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. കമ്പിപ്പാരയും ഉരുളൻ തടിയുമായാണ് ദിനേശ് ബാബുവിന്റെ നേതൃത്വത്തിൽ സംഘം ക്യാമ്പസിൽ പ്രവേശിച്ചത്.
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും രക്തസാക്ഷി അജയപ്രസാദിന്റെ സഹോദരിയുമായ ആര്യാപ്രസാദിനെയും ജില്ലാ കമ്മിറ്റി അംഗങ്ങളായ അനഘ, തൃപ്തി എന്നിവരെയും തെരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നു. പെൺകുട്ടികളെ ഉൾപ്പെടെയുള്ളവരെ ഇവർ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ കുന്നത്തൂർ ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.