കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷയെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യൽ മൂന്നുമണിക്കൂർ നീണ്ടു. ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടിനെയും ചോദ്യം ചെയ്തിട്ടുണ്ട്. ഫോൺവിളികൾ ഉൾപ്പെടെ കൂടുതൽ തെളിവ് ശേഖരിക്കാൻ സിനിമാമേഖലയിലെ കൂടുതൽപ്പേരെ വിളിപ്പിക്കും.
കേസിൽ ദിലീപിനെ വീണ്ടും ചോദ്യംചെയ്യാൻക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. കൂട്ടുപ്രതികളായ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി എൻ സുരാജ് എന്നിവർക്കും നോട്ടീസ് നൽകി. അനൂപിന് കഴിഞ്ഞ ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും എത്തിയില്ല. ബന്ധു മരിച്ചതിനാലാണ് എത്താത്തതെന്നായിരുന്നു മറുപടി. സുരാജിന് തിങ്കളാഴ്ച ഹാജാരാകാനാണ് നോട്ടീസ്. ഇതിനുശേഷം ദിലീപിനെ ചോദ്യംചെയ്യും. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ശനിയാഴ്ച ലഭിച്ചേക്കും.