കൊൽക്കത്ത > റൊവ്മാൻ പവെലിന്റെ വമ്പനടിക്കും വെസ്റ്റിൻഡീസിനെ കാക്കാനായില്ല. അവസാന ഓവർവരെ ത്രസിപ്പിച്ച മത്സരത്തിൽ ഇന്ത്യ വിൻഡീസിനെ എട്ട് റണ്ണിന് വീഴ്ത്തി. തുടർച്ചയായ രണ്ടാം ജയത്തോടെ മൂന്ന് മത്സര ട്വന്റി -20 പരമ്പര രോഹിത് ശർമയും കൂട്ടരും നേടി. ഏകദിനത്തിലും ഇന്ത്യയായിരുന്നു ചാമ്പ്യൻമാർ. അവസാന ഓവറിൽ 25 റണ്ണായിരുന്നു വിൻഡീസിന് ജയിക്കാൻ. പവെലും കീറൺ പൊള്ളാർഡുമായിരുന്നു ക്രീസിൽ. ഹർഷൽ പട്ടേൽ എറിഞ്ഞ ഓവറിൽ രണ്ട് സിക്സർ ഉൾപ്പെടെ 17 റണ്ണേ കരീബിയക്കാർക്ക് നേടാനായുള്ളു. 36 പന്തിൽ 68 റണ്ണുമായി പവെൽ നടത്തിയ പോരാട്ടം വെറുതെയായി. നിക്കോളാസ് പുരാനും (41 പന്തിൽ 62) മിന്നി. സ്കോർ: ഇന്ത്യ 5–-186 വിൻഡീസ് 3–-178.
രണ്ടിന് 59 എന്ന നിലയിൽ തകർന്ന വിൻഡീസിനെ പവെലും പുരാനും കരകയറ്റുകയായിരുന്നു. തകർപ്പനടികളോടെ ഇരുവരും കളംവാണു. അഞ്ച് സിക്സറും നാല് ഫോറും പവെൽ പായിച്ചു. പുരാനാകട്ടെ ആദ്യ കളിയിലെ മികവാവർത്തിച്ചു. മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും നേടി. ഭുവനേശ്വർ കുമാർ എറിഞ്ഞ 19–-ാം ഓവറാണ് ഇന്ത്യൻ ജയത്തിന് അടിത്തറിയിട്ടത്. പുരാനെ മടക്കിയ ഭുവി വിട്ടുകൊടുത്തത് നാല് റൺ മാത്രം. ഋഷഭ് പന്തിന്റെയും (28 പന്തിൽ 52) വിരാട് കോഹ്ലിയുടെയും (41 പന്തിൽ 52) ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വെങ്കിടേഷ് അയ്യർ 18 പന്തിൽ 33 റണ്ണും കുറിച്ചു. നാളെയാണ് അവസാന മത്സരം.