തിരുവനന്തപുരം: വാടക കുടിശ്ശികആവശ്യപ്പെട്ടതിന് വീട്ടുടമയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു. തിരുവനന്തപുരം മുട്ടത്തറയിലാണ് സംഭവം. ശ്രിനു മണിയൻ എന്നയാളുടെ കുടുംബത്തെയാണ് ആക്രമിച്ചത്.
ഫെബ്രുവരി 17-ന് ആണ് സംഭവം നടന്നത്. 2015 മുതൽ ശ്രീനുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന ശിവകുമാർ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് വീട്ടുടമസ്ഥൻ പറയുന്നു. വാടക കുടിശ്ശികയായ 1.42 ലക്ഷം രൂപ തരണമെന്നും വീടൊഴിയണമെന്നും ആവശ്യപ്പെട്ടതിനാണ് മർദ്ദിച്ചതെന്നാണ് പരാതി.
മുട്ടത്തറ വടുവത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമാണ് ശ്രീനുവിന്റെ വീട്. ഇതിന്റെ മുകൾ നിലയിലായിരുന്നു ശിവകുമാർ താമസിച്ചിരുന്നത്. കോവിഡ് ലോക്ക് ഡൗൺചൂണ്ടിക്കാട്ടി ഏറെനാൾ വാടക കുടിശ്ശിക വരുത്തി. ഇതിനിടെ ശ്രീനുവിന്റെ വീടിനോട് ചേർന്നുള്ള വീടും പുരയിടവും ശിവകുമാർ വാങ്ങുകയും ഇദ്ദേഹത്തിന്റെ പുരയിടത്തോട് ചേർന്ന് നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഇത് ചോദ്യംചെയ്യുകയും വിഷയം നഗരസഭയെ അറിയിക്കുകയും ചെയ്തിരുന്നെന്ന് ശ്രീനു പറയുന്നു.
ഇതിന് പിന്നാലെയാണ് ശിവകുമാർ തന്റെ സാധനങ്ങൾ എടുക്കാനായി എത്തിയതും വാടക കുടിശ്ശികയുടെ പേരിൽ തർക്കമുണ്ടാവുകയും ചെയ്തത്. കുടിശ്ശിക തരണമെന്നും തന്നില്ലെങ്കിൽ എന്നുതരുമെന്ന് എഴുതി നൽകണമെന്നും ശ്രീനു ആവശ്യപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം വീട് കയറി ആക്രമിക്കുകയായിരുന്നുവെന്ന് ശ്രീനു പറയുന്നു.
വാടക കുടിശ്ശിക തരാത്തതിനെ തുടർന്ന് 2021 മാർച്ച് 23ന് ശിവകുമാറിനെതിരെ പോലീസിന് പരാതി നൽകിയിരുന്നു. വിഷയം സിവിൽ കോടതി വഴി പരിഹരിക്കാനാണ് അന്ന് പോലീസ് നിർദ്ദേശിച്ചത്. ഇപ്പോൾ വീട് കയറി തന്നെയും കുടുംബത്തെയും മർദ്ദിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.പരാതി നൽകിയാൽ ശിവകുമാറിനൊപ്പമുള്ളവർ നൽകിയ പരാതിയിന്മേൽ തനിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും ഇദ്ദേഹം പറയുന്നു. മകളുടെ മൊബൈൽ ഫോൺ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ട്. അത് തിരികെ വീണ്ടെടുത്ത് നൽകാനും പോലീസ് തയ്യാറായിട്ടില്ലെന്ന് ശ്രീനു പറയുന്നു.
അതേസമയം, വീട് കയറി അക്രമിച്ചെന്ന പരാതിയിൽ ശിവകുമാറിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൂന്തുറ പോലീസ് അറിയിച്ചു. തന്നെ മർദിച്ചെന്നു കാണിച്ച് ശിവകുമാർ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രശ്നമുണ്ടായതെന്ന്വ്യക്തമായിട്ടുണ്ടെന്നും, എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇരുകക്ഷികളും ഹാജരാക്കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും പരാതിക്കാരനായ ശ്രീനു മണിയനെതിരെ മുമ്പ് നിരവധി കേസുകളുണ്ടായിട്ടുണ്ടെന്നും ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലുള്ള ആളാണെന്നും പൂന്തുറ പോലീസ് അധികൃതർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.