തിരുവനന്തപുരം> കോവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും കെ റെയിൽ പരിസ്ഥിതി സൗഹാർദ പദ്ധതിയാണെന്നും ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ. പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപനം നടത്തുകയായിരുന്നു ഗവർണർ.
കേന്ദ്ര നയമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ജിഎസ്ടി വകയിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടി 6500 കോടി രൂപ കേന്ദ്രം നൽകിയിട്ടില്ലെന്നും ഗവർണർ പറഞ്ഞു. കെ റെയിൽ പദ്ധതി തൊഴിൽ ലഭ്യത ഉറപ്പാക്കും . കെ റെയിൽ നടപ്പാക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്യണം. സഹകരണമേഖലയിലെ കേന്ദ്ര ഇടപെടലിനേയും നയപ്രഖ്യാപനത്തിൽ വിമർശിച്ചു.
രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവര്ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം ബി രാജേഷും ചേര്ന്ന് സ്വീകരിച്ചു. നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. നിയമസഭയിൽ ഗവർണർക്കെതിരെ ഗോബാക്ക് വിളിയുയർന്നപ്പോൾ പ്രതിഷേധിക്കാനുള്ള അവസരം ഇതല്ലെന്ന് ഗവർണർ രൂക്ഷമായി പ്രതികരിച്ചു. തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്ക് വരുന്നു
നയപ്രഖ്യാപനത്തിനുശേഷം വെള്ളിയാഴ്ച സഭ പിരിയും. രണ്ടാംദിവസമായ തിങ്കൾ പി ടി തോമസിന് ചരമോപചാരം അർപ്പിച്ച് പിരിയും. തുടർന്ന്, മൂന്നുദിവസം നന്ദി പ്രമേയത്തിൽ ചർച്ച. 25 മുതൽ മാർച്ച് 10 വരെ സഭ ചേരില്ല .
14 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ടു ദിവസം സർക്കാർ കാര്യങ്ങൾക്കാണ്. വോട്ട്-ഓണ്-അക്കൗണ്ട് മാര്ച്ച് 22-ന് നടക്കും. 23ന് സഭാ സമ്മേളനം അവസാനിക്കും.ലോകായുക്താ ഒാർഡിനൻസ് ഉൾപ്പെടെ 9 ഓർഡിനൻസുകളാണ് നിയമമാക്കാനുള്ളത്.