മിലാൻ
ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് അടുത്തു. ആദ്യപാദ പ്രീ ക്വാർട്ടറിൽ സാൻസിറോയിൽ ഇന്റർ മിലാനെ രണ്ട് ഗോളിന് തുരത്തിയായിരുന്നു ലിവർപൂൾ അവസാന എട്ടിലേക്കുള്ള വാതിൽ തുറന്നത്.
അവസാനഘട്ടത്തിൽ റോബർട്ട് ഫിർമിനോയും മുഹമ്മദ് സലായും നേടിയ ഗോളിലാണ് യുർഗൻ ക്ലോപ്പും കൂട്ടരും ജയം നേടിയത്. കളി തീരാൻ 15 മിനിറ്റ് ശേഷിക്കെയായിരുന്നു ഫിർമിനോയുടെ ഗോൾ. ആൻഡ്രു റോബർട്സിന്റെ കോർണറിൽ ഗോളടിച്ചു. 83–ാംമിനിറ്റിൽ സലായും ലക്ഷ്യം കണ്ടു.
മാർച്ച് എട്ടിന് ലിവർപൂൾ തട്ടകമായ ആൻഫീൽഡിലാണ് രണ്ടാംപാദം.
മുന്നേറ്റക്കാരൻ ദ്യേഗോ ജോട്ടയ്ക്ക് പരിക്കേറ്റത് ജയത്തിനിടയിലും ലിവർപൂളിന് ക്ഷീണമായി. ലിവർപൂളിന്റെ തുടർച്ചയായ ഏഴാംജയമാണിത്.
ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്ററിന്റെ തുടക്കം മികച്ചതായിരുന്നു. ഹകൻ ചാൽഹനുവിന്റെ ഷോട്ട് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. അവർ മികച്ച കളിയും പുറത്തെടുത്തു. എന്നാൽ, അവസാനഘട്ടത്തിൽ ഫിർമിനോ ലക്ഷ്യം കണ്ടതോടെ ഇന്റർ തളർന്നു.















