ന്യൂഡൽഹി
തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പഞ്ചാബിലെ മുഖ്യചർച്ചാവിഷയം തൊഴിലില്ലായ്മ. ബിരുദാനന്തരബിരുദമുള്ളവർക്കുപോലും സംസ്ഥാനത്ത് തൊഴിലില്ല. ‘ഓരോ വീട്ടിലും ഓരോ ജോലി’ വാഗ്ദാനം ചെയ്താണ് 2017ൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. തൊഴിൽരഹിതർക്ക് പ്രതിമാസം 2500 രൂപ സഹായവും വാഗ്ദാനം ചെയ്തു. എന്നാൽ, അഞ്ച് വർഷം പിന്നിട്ടപ്പോൾ വാഗ്ദാനംമാത്രം അവശേഷിക്കുന്നു. തൊഴിലില്ലായ്മ വേതനം മാസങ്ങളായി ലഭിക്കുന്നുമില്ല. 10 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായാണ് ശിരോമണി അകാലിദൾ–-ബിജെപി സഖ്യം 2012ൽ അധികാരത്തിലേറിയത്.
പഞ്ചാബ് സർക്കാരിന്റെ ഘർ ഘർ റോസ്ഗാർ (വീടുകൾതോറും ജോലി) വെബ്സൈറ്റിലെ കണക്ക് പ്രകാരം 2022 ജനുവരി 22 വരെ പഞ്ചാബിൽ 12, 946 സർക്കാർ തസ്തികയുണ്ട്. എന്നാൽ 13 ലക്ഷത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തത്. തൊഴിലില്ലായ്മ നിരക്ക് (7.4ശതമാനം) ദേശീയ ശരാശരിയേക്കാൾ (4.8 ശതമാനം) മുന്നിലാണ്.
ഈ തെരഞ്ഞെടുപ്പിലും തൊഴിലില്ലായ്മ പരിഹരിക്കുമെന്ന വാഗ്ദാനമാണ് പ്രമുഖ പാർടികൾ നൽകുന്നത്. എല്ലാം സ്വകാര്യവൽക്കരിച്ചിട്ട് ഈ വാഗ്ദാനങ്ങളുടെ അടിസ്ഥാനം മനസ്സിലാകുന്നില്ലെന്ന് ചണ്ഡിഗഢ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്പ്മെന്റ് ആൻഡ് കമ്യൂണിക്കേഷനിലെ ഡോ. പ്രമോദ്കുമാർ പ്രതികരിച്ചു.















