തിരുവനന്തപുരം
ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരത്തിന്. രണ്ടാം സ്ഥാനം കൊല്ലം നേടി. ഇതുൾപ്പെടെ സംസ്ഥാനത്തെ 2020–-21 ലെ മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ, മഹാത്മ അയ്യൻകാളി പുരസ്കാരങ്ങളും വാർത്താസമ്മേളനത്തിൽ മന്ത്രി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചു.
ബ്ലോക്ക് പഞ്ചായത്തിൽ പെരുമ്പടപ്പ് (മലപ്പുറം) ഒന്നാമതും മുഖത്തല (കൊല്ലം) രണ്ടാമതും ളാലം (കോട്ടയം) മൂന്നാമതുമെത്തി. സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം മുളന്തുരുത്തി (എറണാകുളം) നേടി. എളവള്ളി (തൃശൂർ) രണ്ടാംസ്ഥാനവും മംഗലപുരം (തിരുവനന്തപുരം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച കോർപറേഷൻ കോഴിക്കോടാണ്. നഗരസഭയിൽ സുൽത്താൻ ബത്തേരി (വയനാട്) ഒന്നാമതും തിരൂരങ്ങാടി (മലപ്പുറം) രണ്ടാമതും ഇടംപിടിച്ചു. ഒന്നാം സ്ഥാനക്കാർക്ക് 25, രണ്ടാം സ്ഥാനക്കാർക്ക് 15, മൂന്നാമതെത്തിയവർക്ക് 10 ലക്ഷംവീതവും ലഭിക്കും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയപഞ്ചായത്തിന് 10 ലക്ഷവും രണ്ടാംസ്ഥാനക്കാർക്ക് അഞ്ച് ലക്ഷവും ലഭിക്കും. സംസ്ഥാനതലത്തെയും തിരുവനന്തപുരം ജില്ലയിലെയും വിജയികൾക്ക് ശനി പകൽ മൂന്നിന് കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന തദ്ദേശസ്വയംഭരണ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.















