തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ഇന്നേവരെ കേട്ടിട്ടില്ലാത്ത രാഷ്ട്രീയ-ഭരണ നീക്കങ്ങൾക്കാണ് തലസ്ഥാനം വ്യാഴാഴ്ച വൈകുന്നേരം സാക്ഷ്യം വഹിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കർത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ച നാടകീയ നീക്കങ്ങളാണ് നടന്നത്.
നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാൻ ഉപാധിവെച്ച ഗവർണർക്ക് മുന്നിൽ പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ ബലിയാടാക്കി സർക്കാർ അനുരഞ്ജനം ഗവർണർ സ്വീകരിച്ചു. ആറരയോടെ അനിശ്ചിത്വത്തിന്റെ കാർമേഘം ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിലും ജ്യോതിലാലിനെ തെറിപ്പിച്ചും സർക്കാർ നാളത്തെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള തടസ്സം നീക്കിയെടുത്തു
വിവാദത്തിലേക്കുള്ള വഴി-ഹരി എസ് കർത്തയുടെ നിയമനം
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കർത്തയുടെ നിയമനമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഹരി എസ്. കർത്തയുടെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു നിയമനം സർക്കാർ അംഗീകരിച്ചത്.
രാഷ്ട്രീയപ്പാർട്ടികളിൽ സജീവമായി പ്രവർത്തിക്കുന്നവരെയോ ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരെയോ രാജ്ഭവനിൽ നിയമിക്കുന്ന കീഴ്വഴക്കമില്ല എന്ന് നിയമന ഉത്തരവിൽ ഗവർണറെ ബോധിപ്പിച്ചിട്ടുണ്ടായിരുന്നു. രാഷ്ട്രീയ നിയമനം ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും വ്യക്തമാക്കി.എന്നാലും കർത്തയെ നിയമിക്കാൻ ഗവർണർ ആഗ്രഹം പ്രകടിപ്പിച്ച സ്ഥിതിക്ക് ഈ അഭിപ്രായം മുറുകെപ്പിടിച്ചുകൊണ്ട് അതിന് അനുവാദം നൽകുന്നുവെന്നാണ് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ രാജ്ഭവനെ അറിയിച്ചത്.
നിയമനം അംഗീകരിച്ചുകൊണ്ട് കെ.ആർ. ജ്യോതിലാൽ എഴുതിയ കത്ത് ഗവർണറെ പ്രകോപിപ്പിച്ചു. ഇത് തനിക്ക് അപമാനമുണ്ടാക്കിയെന്നാണ് ഗവർണർ പറയുന്നത്.
Read…ജ്യോതിലാലിനെ മാറ്റി സർക്കാരിന്റെ മിന്നൽ നടപടി; വഴങ്ങിയ ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടു ……
വിയോജിപ്പിൽ അതൃപ്തി പരസ്യമാക്കി ഗവർണർ
സർക്കാരിന്റെ വിയോജനകുറിപ്പിലെ അതൃപ്തി അദ്ദേഹം പരസ്യമാക്കിയത് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലൂടെയാണ്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് തന്റെ തീരുമാനമാണ്. സർക്കാരിന് അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിൽ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുന്നത് എന്തിനാണെന്നായിരുന്നു ഗവർണറുടെ ചോദ്യം.
പെൻഷൻ ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങൾ രണ്ടുവർഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ലരീതിയല്ല. സർക്കാർ ചെലവിൽ പാർട്ടി കേഡർമാരെ വളർത്തുന്നതിനോട് യോജിക്കാനാവില്ല- മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗവും ഉപാധിയും
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർക്ക് കൈമാറുകയും ഗവർണർ അത് സഭയിലെത്തി വായിക്കുകയും ചെയ്യുന്നതാണ് നിലവിലെ കീഴ്വഴക്കം. നിയമനത്തിൽ വിയോജനകുറിപ്പെഴുതി തന്നെ അപമാനിച്ച സർക്കാരിനോട് പ്രതികാരം തീർക്കാൻ ഗവർണർ മികച്ച അവസരമാക്കി മാറ്റുകയായിരുന്നു നയപ്രഖ്യാപനത്തെ. തന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ നയപ്രഖ്യാപനത്തിൽ ഒപ്പിടില്ലെന്ന് ഗവർണർ ശഠിച്ചു. തനിക്കുള്ള അതൃപ്തി അദ്ദേഹം സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നതായാണ് വിവരം. മന്ത്രിമാരുടേയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു ഉപാധി. ഈ ഉപാധി സർക്കാരിന് അംഗീകരിക്കാനാകുന്നതായിരുന്നില്ല.
ഇതിനിടെ രാജ്ഭവനിൽ ഗവർണറുടെ സെക്രട്ടറിയേറ്റിൽ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കുന്നതിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകി. ഗവർണറെ അനുയയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. ഗവർണറുടെ സെക്രട്ടറിയേറ്റിൽ നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന പി.ദിലീപ് കുമാറിനെ ഗവർണറുടെ ശുപാർശ പ്രകാരം സ്ഥിരപ്പെടുത്താൻ തീരുമാനിച്ചുവെന്നാണ് മന്ത്രിസഭാ യോഗ തീരുമാനത്തിൽ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇതുകൊണ്ട് മാത്രം ഗവർണർ അയഞ്ഞില്ല.
മുഖ്യമന്ത്രി നേരിട്ട് ഗവർണറെ കാണുന്നു
നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കില്ലെന്ന നിലപാടിൽ ഗവർണർ ഉറച്ച് നിന്നതോടെ മുഖ്യമന്ത്രി നേരിട്ട് ഗവർണർക്ക് മുന്നിലെത്തുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗവുമായിട്ടാണ് മുഖ്യമന്ത്രി ഗവർണറെ കാണാനായി എത്തിയത്. ഒപ്പം അനുനയ ചർച്ചകൾക്കും. ഈ ചർച്ചയിൽ നിയമനത്തിൽ വിയോജിച്ച് കത്തെഴുതിയ പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ നീക്കം ചെയ്യാമെന്ന് ഗവർണർക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നാണ് രാജ്ഭവൻ വൃത്തങ്ങൾക്ക് അറിയിച്ചത്. എന്നാൽ ജ്യോതിലാലിനെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവർണർ നൽകുന്ന വിശദീകരണം. വിയോജിപ്പുണ്ടെങ്കിൽ നേരിട്ട് കണ്ടറിയിക്കുകയാണ് വേണ്ടതെന്നും കത്തെഴുതി അപമാനിക്കുകയല്ല വേണ്ടതെന്നും ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു.ഇന്നലെ നിയമസഭാ സ്പീക്കറും പിന്നീട് ചീഫ് സെക്രട്ടറിയും നേരിട്ട് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അദ്ദേഹം അനുനയത്തിന് തയ്യാറായിരുന്നില്ല.
ജ്യോതിലാൽ പുറത്ത്
രാജ്ഭവനിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി നേരെ എ.കെ.ജി സെന്ററിലെത്തി. പാർട്ടി നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചു. തൊട്ടുപിന്നാലെ പ്രശ്നപരിഹാര ഫോർമുലയായി പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ നീക്കം ചെയ്തുകൊണ്ട് ഉത്തരവിറങ്ങി. പകരം ശാരദ മുരളീധരനെ പൊതുഭരണ സെക്രട്ടറിയായി നിയമിച്ചുകൊണ്ടും ഉത്തരവായി. നിമിഷങ്ങൾക്കകം ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെച്ചു. ഗവർണർ നേരിട്ട് ജ്യോതിലാലിനെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അതൃപ്തിക്ക് കാരണം അറിഞ്ഞുകൊണ്ടായിരുന്നു സർക്കാരിന്റെ നീക്കം. ഇതോടെ അനിശ്ചിത്വത്തിലായ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗ നാളെ നിയമസഭയിൽ ഉണ്ടാകുമെന്നുറപ്പായി.
വിലപേശി ഗവർണർ, ജ്യോതിലാലിനെ തെറിപ്പിച്ച് അനുനയം; പ്രതിസന്ധി കടന്ന് സർക്കാർ ……