ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയർത്താൻ അനുവദിക്കുന്ന ഭരണഘടന ബെഞ്ചിന്റെ വിധി സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പുനഃപരിശോധിക്കണമെന്ന് കേരളം. സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ് മുല്ലപ്പെരിയാർ വിഷയത്തിന്റെ ശാശ്വത പരിഹാരമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
126 വർഷം പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിൽ ഉള്ളത്. പരിസ്ഥിതിയിൽ കാര്യമായ വ്യതിയാനം ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ എത്ര അറ്റകുറ്റപണി നടത്തിയാലും ബലപ്പെടുത്തിയാലും സുരക്ഷിതമാകില്ല. അതിനാൽ 2014ലെ വിധി സമഗ്രമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ജലം പങ്ക് വയ്ക്കുന്നതുമായ ബന്ധപ്പെട്ട തർക്കമല്ല മുല്ലപ്പെരിയാറിൽ നിലനിൽക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക മാത്രമാണ് കേരളത്തിന്റെ ലക്ഷ്യം. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ ദശലക്ഷകണക്കിന് ജനങ്ങളെ അത് ബാധിക്കുമെന്നും കേരളം സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന് സുരക്ഷയും, തമിഴ്നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങൾ ഉണ്ടാകേണ്ടത് എന്നും സുപ്രീം കോടതിക്ക് കൈമാറിയ വാദത്തിൽ കേരളം വ്യക്തമാക്കിയിട്ടുണ്ട്.
മുല്ലപ്പെരിയാർ മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഡാം മാനേജ്മെന്റിൽ വിദഗ്ദ്ധരായ രണ്ട് സ്വതന്ത്ര അംഗങ്ങളെ കൂടി ഉൾപ്പെടുത്തണെമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. മുല്ലപ്പെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട് ഡോ ജോ ജോസഫ് ഉൾപ്പടെയുള്ളവർ നൽകിയ ഹർജികളിൽ അന്തിമ വാദം കേൾക്കൽ ആരംഭിക്കാനിരിക്കെയാണ് കേരളം വാദം സുപ്രീംകോടതിയിൽ എഴുതി നൽകിയത്.
Content Highlights: Mullaperiyar dam dispute between Tamil Nadu & Kerala















