നെടുമ്പാശേരി> കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍നിന്നായി 27 ലക്ഷം രൂപ വിലവരുന്ന 600 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. വ്യാഴാഴ്ച ഗോ എയര്‍ വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി സബിയ 350 ഗ്രാം സ്വര്‍ണമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചത്. ഇവര്‍ രണ്ടു കുട്ടികളോടൊപ്പമാണ് എത്തിയത്. ഒരു കുട്ടിയുടെയും സബിയയുടെയും വസ്ത്രത്തിനടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
അല്‍ ജസീറ വിമാനത്തില്‍ കുവൈറ്റില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി യൂനസില്നിന്ന് 250 ഗ്രാം സ്വര്‍ണം പിടികൂടി. ഇയാളും വസ്ത്രത്തിനകത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം മൂന്ന് യാത്രക്കാരില്‍നിന്നായി 1.03 കോടി രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.