രാജ്കോട്ട്
മേഘാലയക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഉശിരൻ തുടക്കം. മേഘാലയയെ 148 റണ്ണിന് പുറത്താക്കിയ സച്ചിൻ ബേബിയും കൂട്ടരും ആദ്യദിനം കളി അവസാനിക്കുമ്പോൾ 1–-205 റണ്ണെന്ന നിലയിലാണ്. ലീഡ് 57. നാല് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ പേസർ ഏദെൻ ആപ്പിൾ ടോമാണ് മേഘാലയയെ തകർത്തത്. ബാറ്റിൽ ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ (97 പന്തിൽ 107) സെഞ്ചുറി നേടി. പി രാഹുൽ (91*) ക്രീസിലുണ്ട്.
ടോസ് നേടിയ കേരളം മേഘാലയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പേസർമാരുടെ ബലത്തിൽ അനായാസം എതിരാളികളെ കീഴടക്കി. പതിനേഴുകാരനായ ഏദെൻ കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനത്തോടെയാണ് ടീമിലെത്തിയത്. ഒമ്പതോവറിൽ 41 റൺ വിട്ടുകൊടുത്താണ് നാല് വിക്കറ്റെടുത്തത്. യു മനുകൃഷ്ണൻ മൂന്നും എസ് ശ്രീശാന്ത് രണ്ടും വിക്കറ്റ് നേടി.
ക്യാപ്റ്റൻ പുനീത് ബിഷ്ടാണ് (93) മേഘാലയയുടെ ടോപ്സ്കോറർ. മറുപടിയിൽ ഓപ്പണിങ് വിക്കറ്റിൽ 201 റണ്ണാണ് രോഹനും രാഹുലും കേരളത്തിനായി ചേർത്തത്. രോഹൻ ഒരു സികസ്റും 13 ഫോറും പായിച്ചു.