കൊച്ചി> ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ ഇരകളുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന് മൂന്നാംപ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവിനെതിരെ കേസ്. കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്.
പോക്സോ കേസ് പ്രതിയുടെ വ്യക്തിവിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണ് അഞ്ജലി.
പരാതി നല്‍കിയത് തെളിവുസഹിതമാണെന്നും പൊലീസാണ് നടപടിയെടുക്കേണ്ടതെന്നും പരാതിക്കാരി പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് ചൊവ്വ രാവിലെ പരാതിക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്തി ആരോപണങ്ങളുമായി അഞ്ജലി ഫെയ്സ്ബുക്കില്‍ വിഡിയോ അപ്ലോഡ് ചെയ്തത്. ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ ഇരയുടെ അമ്മയുടെ പേരാണ് അഞ്ജലി വെളിപ്പെടുത്തിയത്.
പോക്സോ കേസിലെ ഇരകളായ പെണ്‍കുട്ടികള്‍ ഡിജെ പാര്‍ടിയില്‍ നില്ക്കുന്ന ചിത്രങ്ങള്‍ അഞ്ജലി വിവിധ സമൂഹമാധ്യമങ്ങളിലൂടെ ഇരകളുടെ ബന്ധുക്കള്‍ക്കും പ്രതിശ്രുതവരന്മാര്ക്കും അയച്ചുകൊടുത്തിരുന്നു. ഒളിവിലായ അഞ്ജലിയെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.