കോട്ടയം> നാട്ടുമ്പുറങ്ങളില് കണ്ടുപരിചയിച്ച മുഖമായിരുന്നു പലപ്പോഴും സിനിമയിലെ കോട്ടയം പ്രദീപ്. അമ്മാവനായും കടക്കാരനായും അയല്ക്കാരനായും പ്രദീപിനെ സിനിമാ പ്രേമികളും മനസില് നിറച്ചു. കഥാപാത്രങ്ങളായി ചിരിപ്പിച്ച പ്രദീപിന്റെ വിയോഗം പക്ഷെ മലയാളി പ്രേക്ഷകര്ക്ക് ഞെട്ടലും കണ്ണീരുമായി. കൈനിറയെ ചിത്രങ്ങളുമായി നിറഞ്ഞുനിന്ന പ്രദീപ് അഭിനയിച്ച സിനിമകള് പലതും പുറത്തുവരാനുണ്ട്. മോഹന്ലാല് ചിത്രം ആറാട്ട് വെള്ളിയാഴ്ചയാണ് റിലീസ്.
ധ്യാന് ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസ്, ഹരീഷ് കണാരന് നിര്മിച്ച ഉല്ലാസപ്പൂത്തിരി, വിഷ്ണു ഉണ്ണികൃഷ്ണന്റെ ഉറി, ബെന്നി ആശംസയുടെ നിപ തുടങ്ങിയവ ഷൂട്ടിങ് പൂര്ത്തിയായി. മകന് വിഷ്ണുവിനെ ബാലതാരമാക്കാന് ശ്രമിച്ചതാണ് പ്രദീപിന് സീരിയലിലേക്ക് വഴിതുറന്നത്. അവസ്ഥാന്തരങ്ങള് സീരിയലിന്റെ ഷൂട്ടിങ് സ്ഥലത്ത് എത്തിയ പ്രദീപിന് മകനുപകരം അച്ഛന് വേഷം നല്കാന് നിര്മാതാവ് പ്രേംപ്രകാശ് തയ്യാറായി.
ആമേന്, വടക്കന് സെല്ഫി, സെവന്ത്ഡേ, പെരുച്ചാഴി, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പില് ജോപ്പന്, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര് അക്ബര് അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്, കുഞ്ഞിരാമായണം, ഗോദ, ജമ്നപ്യാരി, എന്നീ സിനിമകളില് ശ്രദ്ധേയമായ വേഷങ്ങള് ചെയ്തു. തമിഴില് രാജാ റാണി, നന്പേണ്ട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
2020ല് പുറത്തിറങ്ങിയ പാപം ചെയ്യാത്തവര് കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. മന്ത്രി വി എന് വാസവന് വേണ്ടി ജില്ലാ കമ്മറ്റി അംഗം കെ എന് വേണുഗോപാലും, താരസംഘടനയായ അമ്മയ്ക്കുവേണ്ടി ജനറല് സെക്രട്ടറി ഇടവേള ബാബുവും പുഷ്പചക്രം വെച്ചു.
ഇടതുസഹയാത്രികന്
ഇടതുപക്ഷത്തിന്റെ വേദികളില് സജീവ സാന്നിധ്യമായിരുന്നു കോട്ടയം പ്രദീപ്. സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പ്രദീപിനെ ആദരിച്ചു. പാര്ടിയുടെ സാംസ്കാരിക പരിപാടികളിലും സാന്നിധ്യമായിരുന്നു. ഷൂട്ടിങ് തിരക്കുകളില്ലെങ്കില് നാട്ടിലെ പൊതുപരിപാടികളിലും സംഘടനകള് ക്ഷണിക്കുന്ന പരിപാടികളിലുമെല്ലാം പങ്കെടുക്കാന് മടിയുണ്ടായിരുന്നില്ല. എല്ഐസി ജീവനക്കാരനായ അദ്ദേഹം എല്ഐസി എംപ്ലോയീസ് യൂണിയനിലും സജീവമായിരുന്നു. സംഘടനയുടെ മിക്കവാറും പരിപാടികളില് പങ്കാളിയായിരുന്നെന്ന് യൂണിയന് നേതാക്കള് പറഞ്ഞു.