തിരുവനന്തപുരം> സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന് ഫേസ്ബുക്കില് ലഭിച്ച പരാതിയെ തുടര്ന്ന് രണ്ട് വിദ്യാര്ഥികള്ക്ക് ഇന്റര്നെറ്റ് കണക്ഷന് ലഭ്യമാക്കി സിപിഐ എം. നേമത്തെ വിദ്യാര്ഥികള്ക്കാണ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമായത്. നന്നായി പഠിക്കുന്ന വിദ്യാര്ഥികളുടെ പഠനം തടസപ്പെടാന് പാടില്ലെന്നത് പാര്ട്ടിയുടെ നിലപാടാണ്. എല്ലാ തടസങ്ങളെയും അതിജീവിച്ച് അവര്ക്ക് പഠിക്കാനുള്ള സൗകര്യങ്ങള് പാര്ട്ടി പ്രവര്ത്തകര് ഉണ്ടാക്കി എന്നറിഞ്ഞതില് അതിയായ സന്തോഷമുണ്ടെന്നും ആനാവൂര് പറഞ്ഞു
ആനാവൂര് നാഗപ്പന്റെ ഫേസ്ബുക്ക് കുറിപ്പ്
നേമം ഏരിയയിലെ കല്ലിയൂരില് താമസിക്കുന്ന മിടുമിടുക്കന്മാരായ രണ്ട് വിദ്യാര്ഥികളെ ഇന്ന് സന്ദര്ശിച്ചു. ഒരാള് പ്രിയതരന് ബിടെക്ക് വിദ്യാര്ഥിയാണ്, മറ്റേയാള് ഹിമതരന് പി ജിയ്ക്ക് പഠിക്കുന്നു. ഇവരുടെ ഒരു പരാതി കുറച്ച് ദിവസം മുന്പ് എന്റെ ഫേസ്ബുക്ക് മെസഞ്ചറില് ലഭിച്ചിരുന്നു. ഓണ്ലൈന് ക്ളാസ്സില് പങ്കെടുക്കാന് കഴിയുന്നില്ല എന്നും, കാരണം ഇന്റര്നെറ്റ് കണക്ഷന് ലഭിക്കാത്തത് ആണെന്നും, അതിന് ചില വ്യക്തികള് തടസം നില്ക്കുന്നു എന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം. ഇക്കാര്യം അടിയന്തിരമായി അന്വഷിച്ച് നിജസ്ഥിതി അറിയിക്കാന് നേമം ഏര്യാ കമ്മിറ്റി അംഗവും കല്ലിയൂര് ലോക്കല് കമ്മിറ്റി സെക്രട്ടറിയുമായ ശ്രീരാജിനെ അന്ന് തന്നെ ചുമതലപ്പെടുത്തി. തുടര്ന്ന് പാര്ട്ടി സഖാക്കള് ഇവരെ നേരിട്ട് കാണുകയും, കണക്ഷന് ലഭ്യമാക്കാന് തടസ്സമുണ്ടാക്കിയവരുമായി ചര്ച്ച നടത്തി പ്രശ്നങ്ങള് പരിഹരിയ്ക്കുകയും ചെയ്തു. അതിന്റെ ഭാഗമായി അവര്ക്ക് ഇന്റര്നെറ്റ് കണക്ഷന് ലഭിച്ചതായി ശ്രീരാജ് അറിയിച്ചു.
നന്നായി പഠിക്കുന്ന രണ്ട് വിദ്യാര്ത്ഥികളുടെ പഠനം തടസ്സപ്പെടാന് പാടില്ല എന്നത് പാര്ട്ടിയുടെ നിലപാടാണ്. ഏതായാലും എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് പാര്ട്ടി സഖാക്കള് ഇപ്പോള് അവര്ക്ക് പഠിക്കാനുള്ള സൗകര്യങ്ങള് ഉണ്ടാക്കി എന്നറിഞ്ഞതില് അതിയായ സന്തോഷം ഉണ്ട്. ഇന്ന് രണ്ട് കുട്ടികളെയും വീട്ടിലെത്തി കണ്ടു. അവരുടെ സന്തോഷം വാക്കുകളില് പറയാവുന്നതല്ല. പഠനാവശ്യത്തിന് എന്ത് സഹായത്തിനും പാര്ട്ടി ഒപ്പമുണ്ടെന്ന് അവര്ക്ക് ഉറപ്പ് നല്കിയാണ് മടങ്ങിയത്. പാര്ട്ടി ഏര്യാകമ്മിറ്റി അംഗം കല്ലിയൂര് ശ്രീധരനും, പാര്ട്ടി വെള്ളായണി ലോക്കല് കമ്മിറ്റി സെക്രട്ടറി ജയചന്ദ്രനും ഉള്പ്പെടെ പാര്ട്ടി സഖാക്കളും ഒപ്പമുണ്ടായിരുന്നു.