കോഴിക്കോട്: ഐഎൻഎൽ ഔദ്യോഗികമായി പിളർന്നു. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതിന് ശേഷം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്തു കൊണ്ട് രംഗത്ത് വന്ന അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി അബ്ദുൾ വഹാബിനേയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളേയും യോഗം തിരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വഹാബ് പക്ഷവും കാസിം ഇരിക്കൂർ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയും കൊച്ചിയിലെ യോഗം അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു.നേരത്തെ ദേശീയ എക്സിക്യൂട്ടിവ് ചേർന്ന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. ഇതിന്പിന്നാലെ മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി ഏഴംഗ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മാർച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വഹാബ് പക്ഷം സ്വന്തം നിലയ്ക്ക് കമ്മിറ്റിയുണ്ടാക്കി പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന കൗൺസിലിൽ 120 പേരാണുള്ളത്. ഇന്ന വിളിച്ചുചേർത്ത സംസ്ഥാന കൗൺസിൽ യോഗത്തിൽ 75 കൗൺസിൽ അംഗങ്ങൾ പങ്കെടുത്തതായി അബ്ദുൾ വഹാബ് പക്ഷം അവകാശപ്പെട്ടു. 20 പോഷക സംഘടനാ അംഗങ്ങളും പങ്കെടുത്തു. 95 പേരാണ് ഇന്ന് ചേർന്ന യോഗത്തിൽ പങ്കെടുത്തത്. ഈ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അധ്യക്ഷനായി എപി അബ്ദുൾ വഹാബും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളും വഹാബ് ഹാജി ട്രഷററും ആയ സമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
യഥാർത്ഥ ഐഎൻഎൽ ആണെന്നാവശ്യപ്പെട്ട് എപി അബ്ദുൾ വഹാബും പിന്തുണക്കുന്നവരും നിയമനടപടികളിലേക്ക് നീങ്ങുമെന്നാണ് പുറത്തു വരുന്ന വിവരം.വഹാബ് പക്ഷത്തിന്റെ നടപടിയോടെ കാസിം ഇരിക്കൂർ വിഭാഗത്തിന്റെ നടപടിയാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.
Content Highlights: INL splits – AP Abdul wahab announces new state committee