കൊച്ചി> നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തിയ കേസില് നടന് ദിലീനെ വീണ്ടും ചോദ്യം ചെയ്യുന്നു. ഇതു സംബന്ധിച്ചുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് കൈമാറി. ദിലീപിനെ കൂടാതെ കൂട്ടുപ്രതികളായ സഹോദരന് അനൂപ്, സഹോദരീഭര്ത്താവ് ടി എന് സുരാജ് എന്നിവര്ക്കാണ് നോട്ടീസ് നല്കിയത്.
പ്രതികളുടെ മൊബൈല് ഫോണുകള് ശാത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വെള്ളിയാഴ്ച ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ദിലീപിനെ ചോദ്യം ചെയ്യുന്നത്. റിപ്പോര്ട്ട് പരിശോധിച്ച് ഇതിന്റെ അടിസ്ഥാനത്തില് ദിലീപിനെ കുരുക്കുന്ന ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കും. ആറ് ഫോണുകളാണ് നിലവില് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
അനൂപിനോട് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനറിയിച്ച് നോട്ടീസ് നല്കിയിരുന്നു. എന്നാല്, അനൂപ് എത്തിയില്ല. ബന്ധു മരിച്ചതിനാലാണ് ഹാജരാകാത്തതെന്നായിരുന്നു മറുപടി. സുരാജിനോട് തിങ്കളാഴ്ച ഹാജാരാകാനാണ് അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്യുക.
കേസില് നടന് ദിലീപിന്റെയും അനൂപ്, ടി എന് സുരാജ് എന്നിവരുടെ ശബ്ദ സാമ്പിളും പരിശോധനക്കായി ശേഖരിച്ചിരുന്നു. ഇതിന്റെ റിപ്പോര്ട്ടും കേസില് നിര്ണ്ണായകമാവും.