തിരുവനന്തപുരം: ഭക്തിമുഖരിതമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല. സർവമംഗള മംഗല്യയായ ആറ്റുകാലമ്മയുടെ വരപ്രസാദമർഥിച്ച് ആയിരക്കണക്കിന് ഭക്തർ ദേവിക്ക് പൊങ്കാല നിവേദിച്ചു.കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഇത്തവണ ഭക്തർ വീടുകളിൽ പൊങ്കാലയിടണമെന്നായിരുന്നു നിർദേശം.
രാവിലെ പതിനൊന്നോടെയാണ് ക്ഷേത്രതന്ത്രി പണ്ടാരയടുപ്പിൽ തീപകർന്നത്. തുടർന്ന് ഭക്തർ വീടുകളിലും പരിസരത്തും പൊങ്കാലയിട്ടു.ഉച്ചയ്ക്ക് ഒന്നരയോടെ ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രതന്ത്രി പ്രത്യേക തീർഥം കൈമാറിയതോടെയാണ് പൊങ്കാല നിവേദ്യം ആരംഭിച്ചത്. അതിരാവിലേയും പൂജയ്ക്ക് ശേഷവുംനൂറുകണക്കിന് ഭക്തരാണ് ദേവിയെ ദർശിക്കാനെത്തിയത്.
ഇന്ന് വൈകീട്ട് 7.30-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. രാത്രി 10.30-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. വെള്ളിയാഴ്ച രാവിലെ എട്ടിന് തിരിച്ചെഴുന്നള്ളത്ത്. രാത്രി കാപ്പഴിച്ച്, കുരുതിതർപ്പണം നടത്തുന്നതോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.