കൊല്ലം> ‘ഇവിടെ എല്ലാം സമാധാനപരമാണ്. ഇന്നീനിമിഷം വരെ ജനജീവിതം എന്നത്തേയുംപോലെ സാധാരണം. യുദ്ധഭീതി മാധ്യമങ്ങളിലും നാട്ടിലുള്ളവരിലുമാണ്’. ഉക്രൈനിലെ ഉഷ്ഹറോദ് നാഷണല് യൂണിവേഴ്സിറ്റിയില് അഞ്ചാംവര്ഷ എംബിബിഎസ് വിദ്യാര്ഥിയായ തിരുവനന്തപുരം ആലങ്കോട് സ്വദേശി ഹാറൂണ്ഷാ കക്കോടന് ദേശാഭിമാനിയോട് പറഞ്ഞു.
റഷ്യ ആക്രമിക്കുമെന്ന ആശങ്ക ഉക്രൈന് ജീവിതത്തെ ബാധിച്ചിട്ടേയില്ലെന്ന് ഹാറൂണ്ഷാ പറയുന്നു. ‘വാര്ത്തകേട്ടപ്പോള് തുടക്കത്തില് ഭയവും ആശങ്കയും തോന്നിയിരുന്നു. വിമാന സര്വീസുകള് റദ്ദാക്കുന്നു തുടങ്ങിയ വ്യാജവാര്ത്തകളൊക്കെ ഇടയ്ക്കുവന്നിരുന്നു. നാട്ടില്നിന്ന് വീട്ടുകാരും ബന്ധുക്കളും വിളിക്കുന്നുണ്ട്. ‘ഉറങ്ങാന്പോലും പറ്റുന്നില്ല, ഭക്ഷണം കരുതിവയ്ക്കണം, വെള്ളം വാങ്ങിവയ്ക്കണം’ എന്നൊക്കെ പറഞ്ഞുള്ള ആശങ്കകളാണ് അവരുടെ സംസാരത്തില്.
എന്നാല്, അത്തരമൊരു സാഹചര്യമേ ഇവിടില്ല. ഇന്നലെ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ. കടകളെല്ലാം തുറന്നിട്ടുണ്ട്. സ്കൂള്, കോളേജ്, ഓഫീസ്, വ്യവസായശാല എല്ലാം പ്രവര്ത്തിക്കുന്നു. ആളുകള് ജോലിക്ക് പോകുന്നു. ക്ലാസുകള് സാധാരണപോലെ നടക്കുകയാണ്. പരിഭ്രാന്തരാകേണ്ടതില്ല എന്നാല്, താല്പ്പര്യമുള്ളവര്ക്ക് മടങ്ങാം എന്നാണ് ഇന്ത്യന് എംബസി അറിയിച്ചത്.
ചിലര് നാട്ടിലേക്ക് മടങ്ങുന്നുണ്ട്. യുഎസ് അവരുടെ പൗരന്മാരോട് മടങ്ങാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈന് സര്ക്കാര് ഒന്നും പറഞ്ഞിട്ടില്ല. 18,000ത്തിലേറെ ഇന്ത്യന് വിദ്യാര്ഥികളുണ്ട് ഉക്രൈനില്. അതില് 3000 പേര് മലയാളികളാണ്. മെഡിക്കല് പഠനത്തിലാണ് കൂടുതല് പേരും. ഞാന് പഠിക്കുന്ന യൂണിവേഴ്സിറ്റിയില് തന്നെ 150 മലയാളികളുണ്ട്.
ബുധനാഴ്ച ഉക്രൈനെ റഷ്യ ആക്രമിക്കുമെന്നായിരുന്നു അമേരിക്ക പറഞ്ഞത്. ഇതിനു പിന്നാലെ ഉക്രൈന് പ്രസിഡന്റിന്റെ ആഹ്വാനപ്രകാരം ബുധന് ദേശീയ ഏകതാ ദിനമായി (യൂണിറ്റി ഡേ)ആണ് ജനത ആഘോഷിച്ചത്. വാഹനങ്ങളിലും കടയിലും നീലയും മഞ്ഞയും ചേര്ന്ന ഉക്രൈന് പതാക ആളുകള് ഉയര്ത്തി. സൈന്യം ഉക്രൈന് അതിര്ത്തിയില് നിന്ന് മടങ്ങുന്ന ദൃശ്യം റഷ്യ പുറത്തുവിട്ടിട്ടുണ്ട്. യുദ്ധം ഉണ്ടാകില്ലെന്ന് തന്നെയാണ് വിശ്വാസം’.
2017മുതല് ഉക്രൈനില് പഠിക്കുകയാണ് ഹാറൂണ്ഷാ. ബിസിനസുകാരനായ ഷാജഹാന്റെയും യമുനയുടെയും മകനാണ്.