പാലക്കാട്: ഇ.എസ്.ഐ. ആശുപത്രിയിൽ അതിക്രമിച്ചുകയറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന കേസിൽ മുൻ എം.പി. എൻ.എൻ. കൃഷ്ണദാസടക്കം രണ്ടുപേർക്ക് ഒന്നരവർഷം തടവുശിക്ഷ. ഒന്നാംപ്രതി സി.പി.എം. പ്രവർത്തകനായ അലക്സാണ്ടർ ജോസ്, രണ്ടാംപ്രതി എൻ.എൻ. കൃഷ്ണദാസ് എന്നിവർക്കാണ് വിവിധ വകുപ്പുകളിലായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. അയ്യായിരം രൂപ പിഴയടയ്ക്കുകയും വേണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഒരുവർഷം തടവനുഭവിച്ചാൽ മതി.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന മറ്റൊരു കേസിൽ അലക്സാണ്ടർ ജോസിന് ആറുമാസം തടവും അയ്യായിരം രൂപ പിഴയുംകൂടി വിധിച്ചിട്ടുണ്ട്. അലക്സാണ്ടർ ജോസും ഒരുവർഷം തടവനുഭവിച്ചാൽ മതി.
2015-ലാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇ.എസ്.ഐ. ആശുപത്രിയിലെ സൂപ്രണ്ടിനെ ഇരുവരും ഉപരോധിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.എ. മുഹമ്മദ് ഷാജിത്ത് ഹാജരായി.
ഇരുവർക്കും മാർച്ച് 15 വരെ ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.















