സി പി എം നേതൃത്വത്തിന്‍റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു അതെന്നും വിഡി സതീശൻ ആരോപിച്ചു. പാർട്ടി നേതൃത്വത്തിന് പങ്കുള്ളതുകൊണ്ട് തന്നെയാണ് പൊതുഖജനാവിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച്, സി ബി ഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. കൃപേഷിനും ശരത്‍ലാലിനും നീതി ലഭ്യമാക്കാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും. ഇരുവരുടെയും കുടുംബത്തെ ഈ പ്രസ്ഥാനം നെഞ്ചോട് ചേർത്ത് നിർത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read :
ഓർക്കുമ്പോൾ ഇന്നും ഉള്ളിലൊരു നീറ്റലാണെന്ന തലക്കെട്ടോടെയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോൾ ജനാല വഴി പുറത്തേക്ക് നോക്കി വിതുമ്പിയ കുഞ്ഞുങ്ങളുടെ മുഖമുണ്ടല്ലോ… ആ ചിത്രം പറയുന്നുണ്ട് ഞങ്ങളുടെ കൃപേഷും ശരത്തും ആ നാട്ടുകാർക്ക് ആരായിരുന്നെന്ന്. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്ന പലരും എന്നെ അത്ഭുതപ്പെടുത്തുന്നത് ഇതൊക്കെ കൊണ്ടാണ്. നമ്മുടെ കുട്ടികളെ വെട്ടിക്കീറി കൊന്നവരോട് സമരസപ്പെടാൻ എങ്ങനെ പലർക്കും കഴിയുന്നു എന്നത് ഇനിയും മനസിലാകാത്ത ചോദ്യമാണെന്നും സുധാകരൻ പറയുന്നു
ജീവനുള്ള കാലം വരെ സിപിഎമ്മിലെ ക്രിമിനലുകളോട് ‘NO COMPROMISE ‘ എന്ന് പറയാൻ ഇവരുടെ ഓർമ്മകൾ മാത്രം മതിയെന്ന് പറഞ്ഞുകൊണ്ടാണ് കെപിസിസി അധ്യക്ഷന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
കോൺഗ്രസ് പതാകയുടെ തണലിൽ, നാടിന് വേണ്ടി അവസാന ശ്വാസം വരെയും പോരാടുവാനുള്ള നിലക്കാത്ത പ്രചോദനമാണ് പ്രിയ ശരത്തും കൃപേഷുമെന്നാണ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചത്. ഇന്നലെ രാത്രി വൈകുവോളം കല്ല്യോട്ടുണ്ടായിരുന്നെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
Also Read :
“ഹൃദയം നുറുങ്ങുന്ന വേദനയിൽ ആ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ എല്ലാമെല്ലാം ആയിരുന്ന കിച്ചുവിനെയും ജോഷിയെയും നേരിട്ട് കാണാനെന്ന പോലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒഴുകി വന്നു. കുഞ്ഞു മക്കൾ പോലും ചിരാതുകൾ തെളിയിച്ച് ഏട്ടന്മാരുടെ സ്‌മൃതി കുടീരങ്ങളിൽ ഒരു പിടി പൂക്കൾ അർപ്പിച്ചു.ആ നാടിന്‍റെ അമ്മമാർ ഈ മക്കളെ ഓർത്ത് ഇപ്പോഴും കണ്ണീർ വാർക്കുന്നു. അവർക്കെത്ര മാത്രം പ്രിയപ്പെട്ടവരായിരുന്നു ശരത്തും കൃപേഷുമെന്ന് പറയാൻ വാക്കുകൾക്ക് കരുത്ത് പോരാതെ വരും
സഞ്ചരിക്കുന്ന വഴിയറിഞ്ഞ്, സമയം നിശ്ചയിചുറച്ച്, ആയുധങ്ങൾ മൂർച്ച കൂട്ടി, കൊല്ലാനുള്ള ആളുകൾ വാഹനങ്ങളിൽ ഇരുട്ടിന്‍റെ മറവിൽ കാത്തിരുന്ന്, കൊന്ന് കഴിഞ്ഞാൽ രക്തം ചിതറിയ വസ്ത്രങ്ങൾ പകരം പുതിയത് കരുതി വെച്ച്,രക്ഷപ്പെടാനും ഒളിക്കാനുമുള്ള ഇടം പോലും തീരുമാനിച്ച്, പിന്നീട് അന്വേഷണം അട്ടിമറിക്കുവാൻ സർക്കാർ ഖജനാവിലെ പണം ചിലവഴിക്കുവാൻ വരെ ഉറച്ച്, പാർട്ടി നേതൃത്വത്തിന്‍റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രൂര കൊലപാതകം കൊണ്ട് സിപിഎം ഇല്ലായ്‌മ ചെയ്യാൻ ശ്രമിച്ച കോൺഗ്രസ്സ് പ്രസ്ഥാനവും അതിന്‍റെ ജനബന്ധവും മരണ ശേഷവും ധീര പോരാളികളുടെ സ്മരണയിലൂടെ കരുത്താര്ജ്ജിക്കുകയാണ് എന്ന് ഇന്നലെ കല്ല്യോട്ടിലെ ഓരോ ജാലവും ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതെ, ധീരരുടെ ജീവത്യാഗം വെറുതെയാകില്ല.. കോൺഗ്രസ് പതാകയുടെ തണലിൽ, നാടിന് വേണ്ടി അവസാന ശ്വാസം വരെയും പോരാടുവാനുള്ള നിലക്കാത്ത പ്രചോദനമാണ് പ്രിയ ശരത്തും കൃപേഷും.” ഷാഫി പറമ്പിൽ കുറിച്ചു.