രാജ്കോട്ട്
കോവിഡിന്റെ ഇടവേളയ്ക്കുശേഷം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കം. ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വഴിയായ രഞ്ജി ട്രോഫി മത്സരങ്ങൾ ഇന്നാരംഭിക്കുന്നു. കഴിഞ്ഞവർഷം രഞ്ജി ട്രോഫി ഉപേക്ഷിച്ചിരുന്നു.
ഇക്കുറി 38 ടീമുകളാണുള്ളത്. 65 മത്സരങ്ങൾ. ജൂൺ 26ന് ഫൈനൽ. നിലവിലെ ചാമ്പ്യൻമാരായ സൗരാഷ്ട്ര 41 തവണ ജേതാക്കളായ മുംബൈയെ നേരിടുന്നു. കേരളവും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. രാജ്കോട്ടിൽ മേഘാലയയാണ് എതിരാളി. സച്ചിൻ ബേബി നയിക്കുന്ന ടീം എലൈറ്റ് എ ഗ്രൂപ്പിലാണ്. ഗുജറാത്തും മധ്യപ്രദേശുമാണ് മറ്റ് ടീമുകൾ.
വിക്കറ്റ് കീപ്പർ ബാറ്റർ വരുൺ നായനാർ, ഓൾറൗണ്ടർ ഏദൻ ആപ്പിൾ ടോം, ഓപ്പണർ ആനന്ദ് കൃഷ്ണൻ, പേസർ എഫ് ഫാനൂസ് എന്നിവർ കേരളത്തിന്റെ പുതുമുഖങ്ങൾ.
വിലക്കിനുശേഷം തിരിച്ചെത്തിയ മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത് ടീമിലുണ്ട്. പരിക്കുള്ള റോബിൻ ഉത്തപ്പ ഇക്കുറിയില്ല. സഞ്ജു സാംസൺ ശാരീരികക്ഷമത വീണ്ടെടുക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. 17ന് മേഘാലയ, 24ന് ഗുജറാത്ത്, മാർച്ച് മൂന്നിന് മധ്യപ്രദേശ് എന്നിവയാണ് കേരളത്തിന്റെ മറ്റു മത്സരങ്ങൾ.
എലൈറ്റ് ഇ ഡിവിഷൻ മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാണ്. ആന്ധ്ര, രാജസ്ഥാൻ, സർവീസസ്, ഉത്തരാഖണ്ഡ് ടീമുകളാണുള്ളത്.
കേരള ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), വിഷ്ണുവിനോദ് (വൈസ് ക്യാപ്റ്റൻ), ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, പി രാഹുൽ, സൽമാൻ നിസാർ, ജലജ് സക്സേന, സിജോമോൻ ജോസഫ്, കെ സി അക്ഷയ്, എസ് മിഥുൻ, എൻ പി ബേസിൽ, എം ഡി നിധീഷ്, മനു കൃഷ്ണൻ, ബേസിൽ തമ്പി, എഫ് ഫാനൂസ്, എസ് ശ്രീശാന്ത്, വരുൺ നായനാർ, വിനൂപ് മനോഹരൻ, ഏദൻ ആപ്പിൾ ടോം. കോച്ച്: ടിനു യോഹന്നാൻ.















